'ഒരുപാട് സത്യവും ആദർശവുമുള്ള സിനിമ'; 'മോളിവുഡ് ടൈംസി'നെ പ്രശംസിച്ച് അനുരാഗ് കശ്യപ്
നസ്‌ലിനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിന് ഒടിടി റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങൾ. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് പ്രമുഖ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിലെ സത്യസന്ധതയെയും ആദർശത്തെയും പ്രശംസിച്ച അദ്ദേഹം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലെറ്റർബോക്‌സിലൂടെയാണ് (Letterboxd) തന്റെ ആവേശം പങ്കുവെച്ചത്. ഇന്റർനെറ്റ്-സോഷ്യൽ മീഡിയ കാലഘട്ടത്തിലെ സിനിമാ പ്രേമികളുടെ ഒരു സ്വപ്നമാണ് ഈ ചിത്രമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
സിനിമയോടുള്ള ഒരുതരം റൊമാന്റിസിസം ചിത്രത്തിൽ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ടെന്നും, സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെ ആവിഷ്കാര ശൈലി കാലക്രമേണ കൂടുതൽ മൂർച്ചയുള്ളതാകുമെന്നും അനുരാഗ് കശ്യപ് കുറിച്ചു. ഒരു ഹൊറർ സിനിമാ സംവിധായകനാകാൻ ആഗ്രഹിക്കുന്ന വിനീത് മാധവൻ എന്ന യുവാവിന്റെ കഥയാണ് 'മോളിവുഡ് ടൈംസ്' പറയുന്നത്. സിനിമാ വ്യവസായത്തിലെ കടുത്ത യാഥാർത്ഥ്യങ്ങളിലൂടെയും രാഷ്ട്രീയത്തിലൂടെയും അയാൾ നടത്തുന്ന യാത്രയും, സിനിമാ നിർമ്മാണത്തിന് പിന്നിലെ വിട്ടുവീഴ്ചകളും ആവേശവും അവതരിപ്പിക്കുന്ന ഒരു ആക്ഷേപഹാസ്യ (Satire) ചിത്രമാണിത്.
റോഷൻ ഷാനവാസ്, അൽത്താഫ് സലിം, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, പ്രശാന്ത് അലക്സാണ്ടർ, ഗോപിക രമേശ്, വിനീത് ശ്രീനിവാസൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആഷിഖ് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രാമു സുനിലിന്റേതാണ്.
