കാറിന് പുറത്തേക്ക് നീണ്ടൊരു കൈ; ആരാധകർ ഏറ്റെടുത്ത് മമ്മൂട്ടിയുടെ പോസ്റ്റ്
കയ്യിൽ സ്റ്റീൽ വളയും കറുപ്പും ചുവപ്പും ചരടുകളുമണിഞ്ഞ് കാറിന് പുറത്തേക്ക് നീട്ടിപ്പിടിച്ചൊരു കൈ. ക്യാപ്ഷനുകളൊന്നുമില്ലാതെ മെഗാസ്റ്റാർ മമ്മൂട്ടി പങ്കുവെച്ച ഒറ്റ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. പോസ്റ്റിന് പിന്നാലെ ചിത്രത്തിന്റെ രഹസ്യം തേടിയുള്ള ചർച്ചകളിലാണ് ആരാധകർ.
മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിലൊരുങ്ങുന്ന ഒൻപതാം ചിത്രത്തിന്റെ സൂചനയാണിതെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ അണിയറദൃശ്യങ്ങൾ അടുത്തിടെ മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരുന്നു. ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട അതേ കയ്യുടെ ചിത്രമാണ് മമ്മൂട്ടി ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈകാതെ തന്നെ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചോ ലുക്കിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതിനാൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ അപ്‌ഡേറ്റിനായി കാത്തിരിക്കുന്നത്.
