വഴിപോക്കന്റെ ബൈക്ക്, സുഹൃത്തുക്കളുടെ വസ്ത്രങ്ങൾ; 38 വർഷം പഴക്കമുള്ള ഫോട്ടോഷൂട്ടുമായി സുരേഷ് കൃഷ്ണ
സിനിമാ മോഹങ്ങളുമായി നടന്നിരുന്ന കാലത്തെ 38 വർഷം പഴക്കമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ഓർമ്മകളും പങ്കുവെച്ച് നടൻ സുരേഷ് കൃഷ്ണ. സുഹൃത്തുക്കളുടെ വസ്ത്രങ്ങളും കടം വാങ്ങിയ ഫിലിം റോളും വഴിപോക്കന്റെ ബൈക്കും ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
"ഈ ഫോട്ടോകൾക്ക് 38 വർഷം പഴക്കം ഉണ്ട്... സിനിമ മോഹമായി നടന്ന ഒരു ചെറുപ്പക്കാരൻ ഒരു ഫോട്ടോ ഷൂട്ട് സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തുന്നു... ഇത് ഇപ്പൊ കാണുമ്പോൾ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടെങ്കിലും ചില ഓർമപ്പെടുത്തൽ മനസ്സിൽ കൂടി കടന്നു പോകുന്നു, അതിൽ സന്തോഷവും സങ്കടവും ഓക്കെ കൂടി കലർന്നത്..
Credits
ഫോട്ടോ എടുത്തത് : പ്രിയപ്പെട്ട സുഹൃത്തുക്കൾ
Costume : പല സുഹൃത്തുക്കളുടെ
ബൈക്ക് : ഒരു വഴിപോക്കന്റെ
Makeup & Stylish : അതൊക്കെ അന്ന് വലിയ ചിലവാ
ഫിലിം റോൾ & ഫോട്ടോ : കടം," ചിത്രങ്ങൾക്കൊപ്പം സുരേഷ് കൃഷ്ണ കുറിച്ചതിങ്ങനെ.
ആരാധകർ ആവേശത്തോടെയാണ് താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. വണ്ടിക്കാരൻ മുതൽ ക്യാമറാമാനെ വരെ സ്വന്തം ബൈക്കാണെന്ന് തോന്നിപ്പിക്കും വിധം നടൻ 'കൺവിൻസ്' ചെയ്തെന്നാണ് കമന്റ് ബോക്സിൽ ആരാധകരുടെ തമാശ രൂപേണയുള്ള പ്രതികരണങ്ങൾ. വില്ലൻ വേഷങ്ങളിൽ നിന്ന് കോമഡി കഥാപാത്രങ്ങളിലേക്ക് വിജയം കണ്ട താരം ഇന്ന് സോഷ്യൽ മീഡിയയിൽ 'കൺവിൻസിങ് സ്റ്റാർ' എന്നാണ് അറിയപ്പെടുന്നത്. 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലാണ് സുരേഷ് കൃഷ്ണ ഒടുവിലായി വേഷമിട്ടത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
