ആരാധ്യയ്ക്ക് വിവാഹമോചന വാർത്തകളറിയില്ല; ഫോണില്ല, ഗൂഗിൾ ചെയ്യാറുമില്ല: അഭിഷേക് ബച്ചൻ
ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തേ സജീവമായിരുന്നു. ഈ വിവാദ വാർത്തകളിൽ നിന്ന് മകൾ ആരാധ്യയെ എങ്ങനെയാണ് അകറ്റി നിർത്തിയതെന്ന് വെളിപ്പെടുത്തുകയാണ് അഭിഷേക് ബച്ചൻ.
14 വയസ്സുള്ള ആരാധ്യക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലെന്ന് അഭിഷേക് പറയുന്നു. "അവൾക്ക് 14 വയസ്സാണ്. സുഹൃത്തുക്കളുമായി സംസാരിക്കണമെങ്കിൽ പോലും അമ്മയുടെ (ഐശ്വര്യയുടെ) ഫോണിലേക്കാണ് വിളിക്കേണ്ടത്. ഇത് ഞങ്ങൾ വളരെ മുമ്പ് തന്നെ എടുത്ത തീരുമാനമാണ്. അവൾക്ക് ഇൻ്റർനെറ്റ് ആക്സസ് ഉണ്ട്, പക്ഷെ അത് ഹോം വർക്ക് ചെയ്യാനും റിസർച്ചിനുമാണ് ഉപയോഗിക്കുന്നത്. പഠനത്തിൽ വലിയ താൽപ്പര്യമാണവൾക്ക്," അഭിഷേക് വ്യക്തമാക്കി. സ്വന്തമായി ഫോൺ ഇല്ലാത്തതുകൊണ്ട് തന്നെ, ആരാധ്യ തൻ്റെ മാതാപിതാക്കളെക്കുറിച്ച് ഗൂഗിൾ ചെയ്ത് നോക്കുന്ന ശീലമില്ലെന്നും അഭിഷേക് പറയുന്നു.
ഫിലിം ഇൻഡസ്ട്രിയോടും ജോലിയോടും മകൾക്ക് ആദരവുണ്ടാക്കാൻ ഐശ്വര്യക്ക് സാധിച്ചിട്ടുണ്ട്. സിനിമയും പ്രേക്ഷകരുമാണ് തങ്ങളെ ഈ നിലയിൽ എത്തിച്ചതെന്ന് ഐശ്വര്യ അവളെ പഠിപ്പിച്ചു. "വായിക്കുന്നതെന്തും വിശ്വസിക്കരുത് എന്ന് അമ്മ അവളെ പഠിപ്പിച്ചിട്ടുണ്ട്. എൻ്റെ അച്ഛനും അമ്മയും എന്നോട് സത്യസന്ധമായി സംസാരിക്കുന്നത് പോലെ, ഞങ്ങളും പരസ്പരം സംസാരിക്കുന്നവരാണ്. അതിനാൽ ആർക്കും ആരെയും ചോദ്യം ചെയ്യേണ്ടി വരില്ല," അഭിഷേക് കൂട്ടിച്ചേർത്തു.
