സൗഹൃദം ഉപേക്ഷിക്കുന്നു, ചെന്നൈ വിടുന്നു; തുറന്നുപറച്ചിലുമായി കെനീഷ ഫ്രാൻസിസ്

  1. Home
  2. Entertainment

സൗഹൃദം ഉപേക്ഷിക്കുന്നു, ചെന്നൈ വിടുന്നു; തുറന്നുപറച്ചിലുമായി കെനീഷ ഫ്രാൻസിസ്

keneesha


നടൻ രവി മോഹനുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകി ഗായിക കെനീഷ ഫ്രാൻസിസ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് കെനീഷ തന്റെ തീരുമാനം അറിയിച്ചത്. "ഞാൻ അയാളെ സ്വതന്ത്രനാക്കുന്നു, എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുന്നു" എന്നാണ് കെനീഷ കുറിച്ചത്. ഇതിൽ കൂടുതൽ വിശദീകരണങ്ങൾ നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

രവി മോഹനുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കും അധിക്ഷേപങ്ങൾക്കും പിന്നാലെയാണ് ഈ പിൻവാങ്ങൽ. ചെന്നൈ നഗരം വിടുകയാണെന്നും സംഗീതവും തെറാപ്പിയും ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക തിരക്കുകളിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും കെനീഷ കുറിപ്പിൽ പറയുന്നു. നേരത്തെ, തങ്ങൾക്കിടയിലുള്ളത് വെറും സൗഹൃദം മാത്രമാണെന്നും മാനസികമായി തളർന്ന രവി മോഹന് ഒരു തെറാപ്പിസ്റ്റ് എന്ന നിലയിലുള്ള പിന്തുണയാണ് നൽകിയതെന്നും വ്യക്തമാക്കി കെനീഷ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ പിന്നീട് ഈ വീഡിയോകൾ അവർ പിൻവലിച്ചു.

രവി മോഹനും ഭാര്യ ആരതിയും തമ്മിലുള്ള വേർപിരിയൽ വാർത്തകൾക്ക് പിന്നാലെയാണ് കെനീഷയുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. ഇരുവരും പൊതുപരിപാടികളിലും ക്ഷേത്രദർശനങ്ങളിലും ഒന്നിച്ചെത്തിയത് പ്രണയവാർത്തകൾക്ക് ആക്കം കൂട്ടിയിരുന്നു. എന്നാൽ, ഈ വിവാദങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ താൻ എല്ലാം ഉപേക്ഷിക്കുകയാണെന്ന കെനീഷയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

കെനീഷ ഫ്രാൻസിസ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിന്റെ ഏകദേശ പരിഭാഷ:

പ്രിയപ്പെട്ടവരേ, പറയേണ്ടതിലും പറയാൻ പാടുള്ളതിലും കൂടുതൽ ഞാൻ പറഞ്ഞു. അതിൽ ഭൂരിഭാഗവും അനാവശ്യമായിരുന്നു. സ്‌നേഹവുമായാണ് ഞാൻ ഈ കഥയിലേക്ക് കടന്നുവന്നത്, പുറത്തിറങ്ങുന്നത് നിശബ്ദതയോടേയും. ചിലയിടങ്ങൾ ഒച്ചപ്പാട്, ഈഗോ, വിധിതീർപ്പുകൾ, കെട്ടുകഥകൾ എന്നിവ കൈയടക്കിയിരിക്കുന്നു. അവിടെ നന്മയ്ക്ക് യാതൊരു ഇടവുമില്ല. അങ്ങനെ വരുമ്പോൾ സ്‌നേഹത്തിന് പോലും സ്ഥാനമില്ലാതാവും. ലോകം ഇതിനകം വിധി തീരുമാനിച്ചുകഴിഞ്ഞ ഒരു മനുഷ്യനെ സംരക്ഷിക്കാൻ ശ്രമിച്ച ഞാൻ അതിനായി എന്നെ തന്നെ നൽകിയിട്ടുണ്ട്. എന്നാൽ, വിസ്മയക്കാഴ്ചകളിൽ അഭിരമിക്കുന്ന ഒരു ലോകത്ത്, കുഴമറിച്ചിലുകൾക്കെതിരേ ദയയ്ക്ക് അപൂർവ്വമായി മാത്രമേ നിലകൊള്ളാൻ സാധിക്കൂ.

പൊതുജനങ്ങളോട്, സിനിമാ വ്യവസായത്തോട്, നിരീക്ഷകരോട്, അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരോടും ഇഷ്ടമില്ലാത്തവരോടും, സംരക്ഷിക്കുന്നവരോട്, പരിഹസിക്കുന്നവരോട്, അയാളുടെ ജീവനുമേൽ അവകാശവാദം ഉന്നയിക്കുന്നവരോട്- അയാൾ ഇപ്പോൾ നിങ്ങളുടേതാണ്. കൂടുതൽ വിശദീകരണമില്ല. പ്രതിരോധിക്കാനുമില്ല. എന്റേതല്ലാത്ത യുദ്ധങ്ങൾ ഇനി പോരാടാനില്ല. നല്ല മനുഷ്യന്മാർക്ക് ജീവിക്കാൻ ഒരവസരം വേണമെന്നും അതിന് പിന്തുണ നൽകാൻ കഴിയുന്നതാണ് ഏറ്റവും നല്ല കാര്യമെന്നുമുള്ള എന്റെ ചിന്ത മണ്ടത്തരമായിരുന്നു. എന്നാൽ ഈ ലോകം കള്ളന്മാരുടേതും വഞ്ചിക്കുന്നവരുടേതും ജീവിതം ചൂഷണം ചെയ്യുന്നവരുടേതും മാത്രമാണെന്ന് ഞാൻ മനസിലാക്കുന്നു.

അതുകൊണ്ട്, സമാധാനത്തോടെ, സ്‌നേഹത്തോടെ, പൂർണ്ണ നിസ്സംഗതയോടെ ഞാൻ അവനെ സ്വതന്ത്രനാക്കുന്നു. ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുന്നു. യഥാർഥ സ്‌നേഹത്തിനും വിശ്വസ്തതയ്ക്കും ആർദ്രതയ്ക്കും എന്ത് ചെയ്യാൻ കഴിയുമായിരുന്നുവെന്ന് കാണിക്കാൻ ലോകം എന്നെ അനുവദിച്ചിരുന്നുവെങ്കിലെന്ന് ഞാൻ ആശിക്കുന്നു. ഒരുപക്ഷേ, ഈ തലമുറയ്ക്ക് ആർദ്രതയിൽ വിശ്വാസമില്ലായിരിക്കാം. അർപ്പണത്തേക്കാൾ സംഹാരമാവും ദഹിക്കാൻ എളുപ്പം. ത്യാഗത്തിൽ നിർമിച്ച സത്യങ്ങളേക്കാൾ, വൈകാരികമായ കഥകൾ ആയിരിക്കും ആളുകൾ എപ്പോഴും തിരഞ്ഞെടുക്കുക. എന്നാലിതാ, നിങ്ങൾ ആഗ്രഹിച്ചതുതന്നെ ലഭിച്ചിരിക്കുന്നു.

അതുകൊണ്ട് ഇന്നുമുതൽ ഞാൻ ചെറുക്കുന്നത് നിർത്തുന്നു. തെറ്റായി മനസിലാക്കാൻ മാത്രം ഉദ്ദേശിച്ചുള്ള ഇടങ്ങളിൽ നന്മ തെളിയിക്കാൻ ശ്രമിക്കുന്നത് ഞാൻ അവസാനിപ്പിക്കുന്നു. ഞാൻ ചെന്നൈ വിട്ടു. എല്ലാം ഉപേക്ഷിക്കുന്നു. എന്റെ സംഗീതവും തെറാപ്പിയും ഇതുവരെ എന്റെ ജീവിതത്തിൽ പ്രധാനമായി കരുതിയതെല്ലാം ഉപേക്ഷിക്കുന്നു. ദൈവം സൃഷ്ടിച്ചതിനെ മനുഷ്യന് നശിപ്പിക്കാൻ കഴിയും.

ഞാൻ എല്ലാം ഉപേക്ഷിക്കാൻ കാരണം സൈബർ ആക്രമണവും മാനിപ്പുലേഷനും ദുർമന്ത്രവാദവുമാണ്. ദൈവം ജയിക്കുന്നതുവരെ ഞാൻ ഇൻസ്റ്റഗ്രാമും എല്ലാ സാമൂഹികമാധ്യമങ്ങളും ഉപേക്ഷിക്കുന്നു. എനിക്ക് അൽപം സ്വകാര്യത നൽകണമെന്ന് സുഹൃത്തുക്കളോടും കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും അഭ്യർഥിക്കുന്നു.

ഇന്നത്തോടെ: ഫെമിനിസം ജയിച്ചു. സന്തോഷം തോറ്റു.

സ്‌നേഹവും വെളിച്ചവുമുണ്ടാവട്ടെ- കെനീഷ ഫ്രാൻസിസ്.