'കോടീശ്വരനായിട്ടും പാവപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തു, എല്ലാം തകർന്നു, മകൾക്ക് അച്ഛനെ കാണാനുളള അവകാശമില്ലേ?'; ബാല
മലയാളികൾക്ക് സുപരിചിതനാണ് നടൻ ബാല. ഗായികയായ അമൃത സുരേഷാണ് ബാലയുടെ മുൻഭാര്യ. ഇരുവരും 2019ലാണ് വേർപിരിഞ്ഞത്. താരത്തിന്റെ മകളായ അവന്തിക അമൃതയോടൊപ്പമാണ് താമസിക്കുന്നത്. ഇപ്പോഴിതാ മകൾക്ക് അച്ഛനെ കാണാനുളള അവകാശമില്ലേയെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല.
ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചോദ്യം ഉന്നയിച്ചിരിക്കുന്നത്. 'ഒരു സമയത്ത് എല്ലാവരെയും വെറുത്തിരുന്നു. എന്നാൽ കരൾ രോഗത്തെ തുടർന്ന് മരണം വരെ മുന്നിൽ കാണേണ്ട അവസ്ഥയുണ്ടായി. ജീവൻ തിരിച്ച് കിട്ടിയപ്പോൾ ചില കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു. വിവാഹമോചനം നടക്കുന്ന സമയത്ത് ഒരു മകനെയോ മകളെയോ അച്ഛനിൽ നിന്ന് വേർപ്പെടുത്തിക്കൊണ്ടുപോകുമ്പോൾ അച്ഛൻ മാത്രമല്ല തകരുന്നത്. ആ കുടുംബം പൂർണമായാണ് തകരുന്നത്.
സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണെന്ന് പറയാറുണ്ടല്ലോ. എന്താ ഈ കാര്യത്തിൽ മാത്രം തുല്യ അവകാശം ഇല്ലാത്തത്. കാശിനെക്കാൾ വലുതല്ലേ മനസ്. ഞാൻ അങ്ങനെയാണ് ചിന്തിക്കുന്നത്. കോടീശ്വരനായ ഞാൻ പാവപ്പെട്ട ഒരു പെൺകുട്ടിയെ അല്ലേ ആദ്യം വിവാഹം ചെയ്തത്. അവരെ കണ്ട് ഇഷ്ടപ്പെട്ടു. ആ തീരുമാനത്തിൽ ഞാൻ ഉറച്ചുനിന്നു. ഒടുവിൽ എല്ലാം തകർന്നു. മകളെ കാണാൻ അച്ഛന് അവകാശമുണ്ട്. അതുപോലെ മകൾക്കും അവകാശമുണ്ടല്ലോ.
ഞാൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആഴ്ചകളോളം കിടന്നു. അപ്പോൾ എന്നെ കാണാനായി അമൃതയുടെ അച്ഛൻ വന്നിരുന്നു. ഞാൻ ആരോഗ്യവാനായി ആശുപത്രിയിൽ നിന്നും തിരികെയെത്തിയ സമയത്താണ് അദ്ദേഹം മരിക്കുന്നത്. അപ്പോൾ അച്ഛനെ ഓർത്ത് അമൃത കരഞ്ഞുകൊണ്ട് ഒരു പാട്ട് പാടുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മലയാളികൾ എല്ലാവരും അത് കണ്ടിട്ടുണ്ടാകും. ഒരു മകൾക്ക് അച്ഛൻ ഉണ്ടാകണമെന്ന ബോധം അവർക്കുണ്ട്.
ഇല്ലെങ്കിൽ അമൃത കരയണ്ടല്ലോ? ആ അവസ്ഥയാണല്ലോ എന്റെ മകൾക്കും ഉളളത്? ജീവിച്ചിരിക്കുമ്പോഴാണ് സ്നേഹിക്കേണ്ടത്. ആശുപത്രിയിലായിരുന്ന സമയത്ത് ഞാൻ മനസുകൊണ്ട് മരണത്തെ അംഗീകരിച്ചു. പക്ഷെ മകൾ വന്ന് എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞതോടെ വീണ്ടും ജീവിക്കണമെന്ന ആഗ്രഹമുണ്ടാകുകയായിരുന്നു' ബാല പറഞ്ഞു.