പുതിയ വീട്ടിലേക്ക് ആരെയും ക്ഷണിക്കില്ല; ഞാൻ വേറൊരു ലോകത്താണ് ഇപ്പോൾ ജീവിക്കുന്നത്: ബാല
കോകിലയുമായുള്ള വിവാഹശേഷം കൊച്ചി നഗരം വിട്ടിരിക്കുകയാണ് നടൻ ബാല. വൈക്കത്താണ് താരവും ഭാര്യയും ഇപ്പോൾ താമസിക്കുന്നത്. കൊച്ചിയിൽ താമസിക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ബാല പറഞ്ഞു. വൈക്കത്തേക്ക് വന്നപ്പോൾ അതെല്ലാം മാറി. ഇപ്പോൾ സന്തോഷവാനാണെന്നും സഹായം അഭ്യർത്ഥിച്ചുവരുന്നവരെ ഇനിയും സഹായിക്കുമെന്നും ബാല പറഞ്ഞു. വൈക്കത്ത് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇപ്പോൾ ഞാൻ സന്തോഷവാനായിരിക്കുന്നു. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നു. കോകില എന്റെ ജീവിതത്തിലേക്കു വന്നപ്പോൾ അവൾക്കു പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു. വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറി. വൈക്കത്തേക്ക് ആരെയും ഞാൻ ക്ഷണിക്കുന്നില്ല. ഞാൻ വേറൊരു ലോകത്താണ് ഇപ്പോൾ ജീവിക്കുന്നത്.
എനിക്കൊരു വിഷമം ഉണ്ട്. വേറെ ഒന്നുമല്ല, കണക്ക് എടുത്തു നോക്കുന്നതുമല്ല. ഇത്രയും നാൾ നിങ്ങളെ എല്ലാവരെയും ഞാൻ ഇത്രയേറെ സ്നേഹിച്ചപ്പോൾ ചെറിയ ഒരു കാര്യം കൊണ്ട് ഒരുനിമിഷം കൊണ്ടാണ് ഞാൻ അന്യനായി പോയത്. കുഴപ്പമില്ല. പക്ഷേ ഇവിടെ അങ്ങനെയല്ല. ഈ ലോകം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഗ്രാമപ്രദേശം ആണ്. സിറ്റി ബഹളമൊന്നും ഇല്ല. ഇവിടെ ഞാൻ സ്കൂൾ കെട്ടുന്നു. രോഗികളെ സഹായിക്കുന്നു. കുടുംബശ്രീ ആളുകളെ സഹായിക്കുന്നു. നമ്മൾ ഏത് ഭൂമിയിൽ കാൽ ചവിട്ടിയാലും അത് നല്ലതായിരിക്കണം.
എന്നെക്കുറിച്ച് എനിക്ക് നന്നായിട്ടറിയാം. ഞാൻ നല്ലവൻ തന്നെയാണ്. പക്ഷേ വളരെ നല്ലവനല്ല. ഞാനാരോടും സർട്ടിഫിക്കറ്റും ചോദിച്ചിട്ടില്ല. ഞാൻ ആരേയും ദ്രോഹിച്ചിട്ടില്ല. നല്ലതു മാത്രമെ എല്ലാവർക്കും ചെയ്തിട്ടുള്ളൂ. ആ വിഷമത്തിലാണ് കൊച്ചിയിൽ നിന്നും ഞാൻ മാറിയത്. മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ. ഞായറാഴ്ചകളിൽ മാത്രം എന്നെക്കാണാൻ എത്ര പേരാണ് അവിടെ വന്നുകൊണ്ടിരുന്നത്. ബാല ചേട്ടാ, ഇനി ആര് ഞങ്ങളെ നോക്കും എന്ന് പലരും വിളിച്ച് പറയുന്നു. ചില കാര്യങ്ങളെടുത്താൽ ചെയ്യേണ്ടവർ അത് ചെയ്യുന്നില്ല.
അണ്ണാത്തെ എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുമ്പോൾ വലതുകണ്ണിന് പരിക്കുപറ്റി. കാഴ്ചയെക്കുറിച്ച് ആലോചിച്ച് ആകുലപ്പെട്ടു. പേടിയായി. പരിക്ക് ഭേദമായി തിരിച്ചുവന്നപ്പോൾ ഉടനടി ചെയ്തത് പാലാരിവട്ടത്തെ ഒരു നേത്രരോഗാശുപത്രിയുമായിച്ചേർന്ന് ചികിത്സാ സഹായം ചെയ്യുന്നതിന് തയ്യാറാവുകയായിരുന്നു. എന്റെ അരികിൽ വരുന്നവരെ ഇനിയും സഹായിക്കും. ഞാൻ ഇപ്പോൾ ഒരു സ്വർഗത്തിലാണ് ഇരിക്കുന്നത്.’’–ബാല പറഞ്ഞു.