മ​ദ്യപിച്ചിട്ടുണ്ട്; അതുകൊണ്ടല്ല കരൾ പോയത്, മെഡിക്കൽ ടേം പ്രകാരം ഞാൻ കഴിഞ്ഞിരുന്നു; ബാല പറയുന്നു

  1. Home
  2. Entertainment

മ​ദ്യപിച്ചിട്ടുണ്ട്; അതുകൊണ്ടല്ല കരൾ പോയത്, മെഡിക്കൽ ടേം പ്രകാരം ഞാൻ കഴിഞ്ഞിരുന്നു; ബാല പറയുന്നു

BALA


മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് ബാല. തമിഴ്നാട്ടുകാരനാണെങ്കിലും നടനോട് പ്രത്യേക മമത മലയാളി പ്രേക്ഷകർ എന്നും കാണിച്ചിട്ടുണ്ട്. കളഭം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ബാല പിന്നീട് വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമകളിൽ അഭിനയിച്ചു. പുതിയ മുഖം എന്ന പൃഥിരാജ് ചിത്രത്തിൽ ബാല ചെയ്ത വില്ലൻ വേഷം ഇന്നും ജനപ്രിയമായി നിലനിൽക്കുന്നു. അടുത്തിടെയാണ് ബാല കരൾ രോ​ഗത്തെ തുടർ‌ന്ന് ആശുപത്രിയിലായത്. കരൾ മാറ്റിവെക്കിൽ ശാസ്ത്രക്രിയക്ക് ശേഷം പഴയ ആരോ​ഗ്യം വീണ്ടെടുത്ത് വരികയാണ് ബാല.

പെട്ടെന്നാണ് ബാല ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിലാണെന്ന വാർത്ത പുറത്ത് വരുന്നത്. വാർത്ത ഏവർക്കും ഞെട്ടലായി. നടൻ വേണ്ടി നിരവധി ആരാധകരുടെ പ്രാർത്ഥനകളുണ്ടായിരുന്നു. ​ഗുരുതരാവസ്ഥയിലായ ബാലയെ കാണാൻ മുൻ ഭാര്യ അമൃത സുരേഷും മകളും എത്തി. ഇപ്പോഴിതാ തന്റെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബാല. വൺഇന്ത്യ മലയാളവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

എന്നെ സ്നേഹിക്കുന്ന ഇത്രയധികം മലയാളികളുണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസമായിരുന്നു. തിരിച്ചു വരുമെന്നായിരുന്നു അവരുടെ വിശ്വാസവും പ്രാർത്ഥനയും. അവസാനം ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞു 40 ദിവസമായിട്ടേയുള്ളൂ പക്ഷെ ആറ് മാസത്തിന്റെ റിക്കവറിയായെന്ന്. എന്താ നിങ്ങൾ കഴിക്കുന്നതെന്ന് ചോദിച്ചു. പാല് കൂടുതൽ കുടിക്കുന്നുണ്ട്. പ്രത്യേകിച്ചൊന്നും കഴിക്കുന്നില്ലെന്ന് പറഞ്ഞു. രണ്ട് മാസം ഐസിയുവിൽ തന്നെയായിരുന്നു. ഇപ്പോൾ നന്നായി വ്യായാമം ചെയ്യുന്നുണ്ടെന്നും ബാല പറഞ്ഞു.

സിനിമകൾ വരാനിരിക്കുന്നുണ്ട്. ഹോസ്പിറ്റലാവുന്നതിന് മുമ്പ് ഒരു സിനിമയുടെ അഡ്വാൻസ് വാങ്ങിയിരുന്നു. അവരെ വിളിച്ച് എന്ത് വേണമെങ്കിലും എനിക്ക് സംഭവിക്കും അഡ്വാൻസ് തിരിച്ച് തരാമെന്ന് പറഞ്ഞു. ഇല്ല, ബാല എന്ന ആർട്ടിസ്റ്റിനെ അത്രയും ഇഷ്ടപ്പെട്ടാണ് അഡ്വാൻസ് തന്നത്, നിങ്ങൾ പോയി തിരിച്ചു വാ എന്ന് പറഞ്ഞു. പ്രെഡ്യൂസർ ഒരു നടനെ സ്നേഹിക്കേണ്ട ആവശ്യമില്ല. പക്ഷെ അതിനും മേൽ വന്ന ബന്ധമാണ് ആത്മവിശ്വാസമെന്നും ബാല വ്യക്തമാക്കി.

'മെഡിക്കൽ ടേം പ്രകാരം ഞാൻ കഴിഞ്ഞിരുന്നു. വീട്ടുകാർക്ക് സമയം കൊടുക്കുക, അദ്ദേഹം മനസ്സമാധാനമായി പോട്ടെ എന്നാണ് ഡോക്ടർമാർ സംസാരിച്ചത്. അര മണിക്കൂറിനുള്ളിൽ ഒരു അത്ഭുതം നടന്നു. കാത്തിരുന്നു. ഒരു മണിക്കൂർ വെച്ച് ബോഡി മെച്ചപ്പെട്ടു. പത്ത് മണിക്കൂർ കഴിഞ്ഞപ്പോൾ ഓപ്പറേഷൻ ചെയ്ത് നോക്കാം എന്ന് പറഞ്ഞു' അവയവ ദാനം ചെയ്ത ഡോണർ ജേക്കബ് ജോസഫ്
കാണിച്ച ധൈര്യത്തെക്കുറിച്ചും ബാല സംസാരിച്ചു. 'ഇടയ്ക്ക് വെച്ച് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾക്കും അത് റിസ്കാണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്തായാലും ഇറങ്ങി. ഈ മനുഷ്യന് വേണ്ടി റിസ്കെടുക്കാൻ തയ്യാറാണെന്ന് പറഞ്ഞു. ഡോണറുടെ ഫാമിലിയിൽ എല്ലാവരും ഉറച്ച് നിന്നു. എന്റെ ചാരിറ്റി പ്രവർത്തനങ്ങൾ അവർക്കറിയാമായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ ശേഷമാണ് ഞാനത് അറിയുന്നത്'

ഉണ്ണി മുകുന്ദൻ ആശുപത്രിയിൽ വന്നിരുന്നു. അത് കഴിഞ്ഞ് ഞാൻ വിളിക്കാൻ നോക്കി. ഫോണിൽ കിട്ടിയില്ല. വിദേശത്ത് പോയിരിക്കുകയാണ്. ടൊവിനോയും ലാലേട്ടനും വിളിച്ചിരുന്നു. അമ്മ സംഘടനയും അന്വേഷിച്ചു. ബാബുരാജും സുരേഷ് കൃഷ്ണയും ആശുപത്രിയിൽ വന്നിരുന്നു. സഹായിക്കാനല്ല, കൂടെ നിന്നു. അത് വലിയ കാര്യം. സാമ്പത്തിക സഹായം വേണോ എന്ന് ചോദിച്ചിരുന്നു. വേണ്ടെന്ന് പറഞ്ഞു. പക്ഷെ ചോദിച്ചില്ലേയെന്നും ബാല ചൂണ്ടിക്കാട്ടി. മദ്യപാനമാണ് കരൾ രോ​ഗത്തിന് കാരണമെന്ന ആരോപണത്തിനും ബാല മറുപടി നൽകി. മദ്യപിച്ചിട്ടുണ്ട്. അത് കൊണ്ട് കരൾ പോയതല്ല. എന്നെ രക്ഷപ്പെടുത്തി മുമ്പോട്ട് കൊണ്ട് പോവാൻ ദൈവമുണ്ട്. ഡ്ര​ഗ്സിനെതിരെ ക്യാമ്പയിൻ നടത്തിയ ആളാണ് താനെന്നും ബാല പറഞ്ഞു.