ഇന്നായിരുന്നെങ്കിൽ ടൈറ്റാനിക് പൊളിഞ്ഞു പോയേനെ: സിനിമയെ ഇല്ലാതാക്കുന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മുകേഷ്

  1. Home
  2. Entertainment

ഇന്നായിരുന്നെങ്കിൽ ടൈറ്റാനിക് പൊളിഞ്ഞു പോയേനെ: സിനിമയെ ഇല്ലാതാക്കുന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മുകേഷ്

Mukesh


ഒരു സിനിമയെ ഇല്ലാതാക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് നടന്‍ മുകേഷ്. ഒരു സിനിമ കാണുമ്പോള്‍ നല്ലതിനെ നല്ലതായി തന്നെ പറയുകയും വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകയും ചെയ്യണം. അതല്ലാതെ സിനിമ കാണാതെ അഭിപ്രായപ്പെടുന്നവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബായിയില്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ വന്നപ്പോൾ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുകേഷ്. പണം നൽകിയാൽ സിനിമയെക്കുറിച്ച് നല്ലതും ചീത്തയും പറയാന്‍ ആളുകളുണ്ടെന്നും അതിനായി ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നടന്‍ ഗണേഷ് കുമാര്‍ പറഞ്ഞ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് മുകേഷ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

"എന്റെ സിനിമയെക്കുറിച്ച് ഒരു പയ്യന്‍ സംസാരിക്കുന്നത് എനിക്കൊരാള്‍ അയച്ചു തന്നിരുന്നു. എന്റെയും ഉര്‍വ്വശിയുടെയും അഭിനയം ശരിയല്ലായിരുന്നു, തമാശ പറയുമ്പോള്‍ സീരിയസായും സീരിയസായി പറയുമ്പോള്‍ തമാശയായും തോന്നുന്നു എന്നൊക്കെയാണ് അതിൽ പറയുന്നത്. പത്ത് നാല്‍പ്പത് വര്‍ഷങ്ങളായി ഞാന്‍ സിനിമയിലുണ്ട്. ഒരു സീന്‍ മോശമായാല്‍പ്പോലും കേരള ജനത അഭിനേതാക്കളെ വച്ചു പൊറുപ്പിക്കുമോ. ഈ സാഹചര്യത്തിലാണ് ഞങ്ങളെല്ലാം ഇത്രയും കാലമായി ഇവിടെ നില്‍ക്കുന്നത്" എന്നും മുകേഷ് പറഞ്ഞു.

രമേഷ് സിപ്പിയും 'ഷോലൈ' സിനിമയും രക്ഷപ്പെട്ടതാണ്. ഇന്നായിരുന്നെങ്കില്‍ ഈ പയ്യന്‍മാരെല്ലാം കൂടി അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും എന്താണ് ഈ കാണിക്കുന്നതെന്ന് പറഞ്ഞേനെ. 'ടൈറ്റാനി'ക്കെല്ലാം പൊളിഞ്ഞു പോയേനേയെന്നും അദ്ദേഹം പരിഹസിച്ചു. കൃത്യമായി തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ നമുക്ക് മനസ്സിലാകും. അല്ലാതെയുള്ള അഭിപ്രായ പ്രകടനങ്ങളില്‍ അര്‍ഥമില്ലെന്നും മുകേഷ് പറഞ്ഞു.