'രാഷ്ട്രീയത്തിലേയ്ക്ക് ഉടനില്ല, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയാണ് ലക്ഷ്യം'; അഭ്യൂഹങ്ങൾ തള്ളി വിശാൽ

  1. Home
  2. Entertainment

'രാഷ്ട്രീയത്തിലേയ്ക്ക് ഉടനില്ല, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയാണ് ലക്ഷ്യം'; അഭ്യൂഹങ്ങൾ തള്ളി വിശാൽ

vishal actor


രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള അഭ്യൂഹങ്ങൾ തള്ളി നടൻ വിശാൽ. രാഷ്ട്രീയ പ്രവേശനം ഉടനില്ലെന്ന് താരം വെളിപ്പെടുത്തി. ഫാൻസ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും വിശാൽ പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് വിശാലിന്റെ പ്രതികരണം. അതേസമയം, വരും വർഷങ്ങളിൽ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന സൂചനയും താരം നൽകി.

'അഭിനേതാവായും സാമൂഹിക പ്രവർത്തകനായും എന്നെ അംഗീകരിച്ച തമിഴ്നാട്ടിലെ ജനങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. പരമാവധി ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, ഫാൻസ് ക്ലബ്ബ് വഴി ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ആദ്യം മുതലേ ചെയ്തുവരുന്നുണ്ട്. ദുരിതമനുഭവിക്കുന്നവർക്കായി ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫാൻസ് ക്ലബ് നടത്തുന്നത്.

ജനക്ഷേമ പ്രസ്ഥാനം രൂപീകരിച്ച് ജില്ല, നിയോജക മണ്ഡലം, ബ്രാഞ്ച് അടിസ്ഥാനത്തിൽ പ്രവർത്തിക്കുക എന്നതാണ് അടുത്ത ഘട്ടം. എന്റെ അമ്മയുടെ പേരിൽ നടത്തുന്ന 'ദേവി ഫൗണ്ടേഷൻ' വഴി ഞങ്ങൾ എല്ലാ വർഷവും പാവപ്പെട്ടവരും നിരാലംബരുമായ നിരവധി വിദ്യാർഥികളെ സഹായിക്കുന്നുണ്ട്. ദുരിതബാധിതരായ കർഷകർക്കെയും ഞങ്ങൾ സഹായിച്ച് വരുന്നു.

ഷൂട്ടിങ്ങിന് പോകുന്ന പല സ്ഥലങ്ങളിലും ആളുകളെ കാണുകയും അവരുടെ ആവശ്യങ്ങളും പരാതികളും കേൾക്കുകയും അത് നിറവേറ്റുകയും ചെയ്യുന്നത് എന്റെ ജനക്ഷേമ പ്രസ്ഥാനത്തിലൂടെയാണ്. ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. എന്നാൽ ആവശ്യഘട്ടത്തിൽ ഭാവിയിൽ ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഞാൻ മടിക്കില്ല', വിശാൽ പറഞ്ഞു.