നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു

  1. Home
  2. Entertainment

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു

s


 

സിനിമാ- നാടക സംവിധായികയും നടിയുമായ വിജയ മേത്ത (92) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെ സൗത്ത് മുംബൈയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം.

വിജയ് ടെണ്ടുൽക്കർ, ശ്രീറാം ലാഗു, അരവിന്ദ് ദേശ്പാണ്ഡെ തുടങ്ങിയ പ്രതിഭകൾക്കൊപ്പം മുംബൈ ആസ്ഥാനമായുള്ള 'രംഗായൻ' എന്ന നാടകസംഘം സ്ഥാപിച്ചതിൽ പ്രധാനിയാണ്. മറാഠിയിൽ ഒട്ടേറെ നാടകങ്ങൾ സംവിധാനംചെയ്ത അവർ, ടെലിവിഷൻ പരമ്പരകളും ഫീച്ചർ ഫിലിമുകളും ഒരുക്കി.

1984-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം പാർട്ടിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ശ്യാം ബെനഗലിന്റെ കലിയുഗ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. 2006-ൽ അമോൽ പലേക്കറുടെ ക്വസ്റ്റ് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

വിജയ മേത്ത സംവിധാനംചെയ്ത രണ്ടു ചിത്രങ്ങളിലും നായകൻ അനുപം ഖേർ ആയിരുന്നു. തന്റെ 'ബാരിസ്റ്റർ' എന്ന നാടകത്തെ ആസ്പദമാക്കി 1985-ൽ പുറത്തിറക്കിയ 'റാവു സാഹേബ്' എന്ന ചിത്രത്തിൽ അനുപം ഖേർ പ്രധാന വേഷം ചെയ്തു. ഈ ചിത്രത്തിലെ അഭിനയത്തിന് വിജയ മേത്തയ്ക്ക് വീണ്ടും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. അനുപം ഖേറുമായി ഒന്നിച്ച രണ്ടാമത്തെ ചിത്രം 'പെസ്റ്റൺജി' (1988) ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ ഒന്നായിരുന്നു. നസീറുദ്ദീൻ ഷാ, ശബാന ആസ്മി, കിരൺ ഖേർ എന്നിവരായിരുന്നു ഇതിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

മുതിർന്ന നടി ദുർഗ്ഗ ഖോട്ടെയുടെ മകൻ ഹരിൻ ഖോട്ടെയായിരുന്നു വിജയ മേത്തയുടെ ആദ്യ ഭർത്താവ്. അദ്ദേഹത്തിന്റെ മരണശേഷം ഫറൂഖ് മേത്തയെ വിവാഹം കഴിച്ചു.