നടിയും തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്ര വിവാഹിതയായി
നടിയും തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്ര വിവാഹിതയായി. സംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരൻ. സാമൂഹികമാധ്യമങ്ങളിലൂടെ നിലീൻ സാന്ദ്ര തന്നെയാണ് വിവാഹവിവരം പങ്കുവെച്ചത്.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങളും ദൃശ്യങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
''ഈ മനുഷ്യനോടൊപ്പം എന്റെ ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ കഴിയുമെന്നതിൽ ഞാൻ സന്തുഷ്ടയാണ്. ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല'' എന്ന കുറിപ്പോടെയാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. പിന്നാലെ ഓണാശംസകൾ നേർന്നുള്ള പോസ്റ്റിൽ വിവാഹത്തിന് ആശംസകൾ അറിയിച്ച എല്ലാവർക്കും താരം നന്ദി പറഞ്ഞു.
2017 മുതൽ ശ്യാമിനും നിലീൻ സാന്ദ്രയും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരാകുന്ന വിവരം നിലീൻ സാന്ദ്ര പങ്കുവെച്ചത്.
