നടി മമിത ബൈജു ആശുപത്രിയിൽ
കടുത്ത പനിയും ശരീരവേദനയുംകാരണം നടി മമിത ബൈജു ആശുപത്രിയിൽ. ഇതേത്തുടർന്ന് ഈയാഴ്ച നടത്താനിരുന്ന ഓസ്ട്രേലിയൻ സന്ദർശനം അവർ നിർത്തിവെച്ചു. ക്ലൈഡ് മലയാളി സംഘടന നടത്താനിരുന്ന ഓണാഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായിട്ടാണ് മമിത പങ്കെടുക്കേണ്ടിയിരുന്നത്. വേറെ നിവൃത്തിയില്ലെന്നും ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണെന്നും അവർ ക്ലൈഡ് മലയാളി പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.
"നിർഭാഗ്യവശാൽ, നമ്മൾ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാൻ സാധിക്കില്ല. ഞാനിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ ഞാൻ വന്നേനെ, പക്ഷേ ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണ്. കൂടാതെ ശരീര വേദനയും അലർജിയും ആസ്മാറ്റിക്കും ആയതിനാൽ ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നാണ് അവർ പറയുന്നത്.
എനിക്ക് വേറെ നിവൃത്തിയില്ലാതായിപ്പോയി, അല്ലായിരുന്നെങ്കിൽ എന്തായാലും വന്നേനെ. എനിക്കിത് വലിയ നഷ്ടം തന്നെയാണ്. ഈ കുടുംബത്തിലേക്ക് വരാൻ ആഗ്രഹമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ ആയതിനാലാണ്. മറ്റൊരു അവസരത്തിൽ ഇത് നടക്കട്ടയെന്ന് പ്രതീക്ഷിക്കുന്നു.’’–മമിത ബൈജുവിന്റെ വാക്കുകൾ.
