'രാത്രി അയാൾക്ക് മറ്റേ ബാധ കയറും, ആന്റണി പെരുമ്പാവൂരിനോട് എന്നെ മാറ്റാൻ പറഞ്ഞു'; ശിവാനി പറയുന്നു

  1. Home
  2. Entertainment

'രാത്രി അയാൾക്ക് മറ്റേ ബാധ കയറും, ആന്റണി പെരുമ്പാവൂരിനോട് എന്നെ മാറ്റാൻ പറഞ്ഞു'; ശിവാനി പറയുന്നു

shivani-bhai


നടന്മാർ വാതിലിൽ മുട്ടുന്ന സംഭവം താൻ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് നടി ശിവാനി. സംഭവത്തിൽ പരസ്യമായി പ്രതികരിച്ച ശേഷം നടൻ അവസരങ്ങൾ മുടക്കാൻ ശ്രമിച്ചെന്നും അഡ്വാൻസ് തുക തന്നശേഷം പോലും നിരവധി പടങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. എന്നാൽ, ഇപ്പോൾ ആരോപിക്കപ്പെട്ടവരിൽ ആരും മോശമായി പെരുമാറിയിട്ടില്ലെന്നും നടി പറഞ്ഞു. 

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.'രാത്രി 12 മണിക്കൊക്കെയാണ് വാതിലിൽ മുട്ടുന്ന പരിപാടിയുണ്ടായിരുന്നത്. അന്ന് മുറിയിൽ അമ്മയും ഉണ്ടായിരുന്നു. ആളെ കണ്ടുപിടിക്കണമെന്ന് അമ്മ പറഞ്ഞു. ഒരു തവണ അമ്മ അത് നേരിൽ കണ്ടു. അങ്ങനെ സംവിധായകനോടും നിർമാതാവിനോടും പറഞ്ഞു. പകൽസമയത്ത് ഭയങ്കര സൗഹൃദത്തോടെ പെരുമാറുന്നയാളാണ് ഇത് ചെയ്തത്. നല്ല രീതിയിലാണ് പെരുമാറ്റം. പക്ഷേ, രാത്രിയാകുമ്പോൾ അയാൾക്ക് മറ്റേ ബാധ കയറുകയാണെന്ന് തോന്നുന്നു.'

'ഈ സംഭവത്തിന് ശേഷം കുറേക്കാലത്തേക്ക് എനിക്ക് സിനിമയൊന്നും ഉണ്ടായിരുന്നില്ല. ഒന്നര കൊല്ലത്തിന് ശേഷം ചൈന ടൗൺ സിനിമയിൽ അഭിനയിക്കാനായി ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലെത്തി. അന്ന് ഹൈദരാബാദിൽ വിമാനമിറങ്ങുമ്പോൾ അവിടെയും ഇതേ നടനുണ്ട്. വൈരാഗ്യം സൂക്ഷിക്കുന്ന ശീലമില്ലാത്തതുകൊണ്ട് അദ്ദേഹത്തോട് ചിരിച്ച് സംസാരിച്ചു. സിനിമയുടെ കാര്യമെല്ലാം പറഞ്ഞു. ശേഷം റൂമിലേക്ക് ഞാൻ പോയി. ആദ്യദിവസം തന്നെ ഷൂട്ട് ഉണ്ടാകുമെന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ, അവിടെയെത്തി ആദ്യ മൂന്ന് ദിവസവും ഞാനും അമ്മയും റൂമിൽ വെറുതെയിരുന്നു. നാലാമത്തെ ദിവസം ഷൂട്ടുണ്ടെന്ന് പറഞ്ഞ് സെറ്റിലേക്ക് പോയി. സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ചോദിച്ചു നീയും ആ നടനും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന്. ആ നടൻ സെറ്റിലേക്ക് നിരന്തരം വിളിക്കുന്നുണ്ട്. ഞാൻ അഭിനയിക്കുന്നത് തടയണമെന്നും ഇല്ലെങ്കിൽ തിരുവനന്തപുരത്ത് തീയേറ്ററിൽ സിനിമ വരുമ്പോൾ കൂവുമെന്നും അയാൾ ഭീഷണിപ്പെടുത്തിയത്രേ. 

അയാളുടെ സമ്മർദത്തിലാണ് മൂന്ന് ദിവസം ഷൂട്ടിംഗ് വൈകിയത്. അന്ന് മോഹൻലാലിന്റെ നിർബന്ധത്തിലാണ് എന്നെ സിനിമയിൽ അഭിനയിപ്പിച്ചത് ', ശിവാനി പറഞ്ഞു. സംഭവം നടന്ന് 20 വർഷം കഴിഞ്ഞ് ഒരാളെ പേരെടുത്ത് പറയുന്നതിൽ പ്രശ്നമുണ്ടെന്നും അവർ പറഞ്ഞു. അന്നത്തെ അയാളുടെ മാനസികാവസ്ഥയാകില്ല ഇന്നുള്ളത്. കുട്ടികളും പേരക്കുട്ടികളും കുടുംബവുമൊക്കെയുണ്ടാകും. അവരെയൊക്കെ ഇത് ബാധിക്കും. അതുകൊണ്ട് പേരെടുത്തു പറയാൻ താൽപര്യപ്പെടുന്നില്ല. ഇപ്പോഴും സജീവമായി ഉള്ളയാൾ തന്നെയാണ്. അദ്ദേഹം ഇടപെട്ട് വേറെയും ചിത്രങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, മലയാളം മാത്രമല്ലല്ലോ നമുക്കുള്ളത്. താൻ വ്യക്തിവൈരാഗ്യം കൊണ്ടുനടക്കാറില്ലെന്നും നടി പറഞ്ഞു.