ഇന്റിമേറ്റഡ് സീനില്ല; വിമർശനങ്ങൾ ഒഴുകിയെത്തി, ജനങ്ങൾക്ക് വേറെ ജോലിയില്ലേ എന്നുപോലും തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു: വെളിപ്പെടുത്തി നടി സോന നായർ
കാബാലിക എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചതിന് രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി സോന നായർ. സോഷ്യൽമീഡിയയിലൂടെ എന്തിനാണ് ആളുകൾ മോശം രീതിയിലുളള പ്രതികരണങ്ങൾ നടത്തുന്നതെന്നും താരം ചോദിച്ചു. മോഹൻലാൽ നായകനായ നരൻ സിനിമയിൽ അഭിനയിച്ചതിൽ ഇപ്പോഴും നിരാശയും സങ്കടവും ഉണ്ടെന്ന് സോന പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
'കാബാലിക എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചതിന് പലതരത്തിലുളള വിമർശനങ്ങളും ഉണ്ടായി. ജനങ്ങൾക്ക് വേറെ ജോലിയില്ലേ എന്നുപോലും തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു. ഷോർട്ട് ഫിലിമിൽ എന്താണ് പറയുന്നത് എന്ന് പോലും നോക്കാതെ വിമർശനങ്ങൾ നടത്തുകയായിരുന്നു. അതിന് മുൻപ് ഞാൻ അങ്ങനെ ഒരു വേഷം ചെയ്തിട്ടില്ല. കാബാലികയിൽ അഭിനയിച്ചതിന് എനിക്ക് ഒരുപാട് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിൽ ഒരു ഇന്റിമേറ്റഡ് സീനുമില്ല. കഥാപാത്രത്തിന്റെ ആഴം മനസിലാക്കാൻ വേണ്ടി മാത്രമാണ് ഷോർട്ട് ഫിലിമിന്റെ പോസ്റ്ററിൽ എന്റെ ഒരു ചിത്രം കൊടുത്തത്. പോസ്റ്റർ കണ്ടതോടെ ആളുകൾ പറഞ്ഞത് പലതായിരുന്നു. സോനാ നായർക്ക് സിനിമയില്ല, അതുകൊണ്ടാണ് മോശം വേഷങ്ങൾ ചെയ്യുന്നതെന്നാണ് വിമർശനം'- സോന പങ്കുവച്ചു.
നരനിൽ അഭിനയിച്ചതിനെക്കുറിച്ചും സോന നായർ പറഞ്ഞു. 'കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രത്തിന് ഒരു പൂർണത ലഭിച്ചിട്ടില്ല. കുറച്ച് സീനുകൾ ഷൂട്ട് ചെയ്തിരുന്നു. പക്ഷെ റിലീസ് ചെയ്തപ്പോൾ ഇല്ലായിരുന്നു. പലരും സിനിമയിലെ അഭിനയം കൊളളാമെന്ന് പറഞ്ഞിട്ടുണ്ട്. അത് കേൾക്കുമ്പോൾ സങ്കടം വരും. പല അഭിമുഖങ്ങളിലും ഞാൻ ഇത് പറഞ്ഞിട്ടുണ്ട്. അതിനെനിക്ക് പല വിമർശനങ്ങളും കിട്ടി. ഇവളാരാ എന്ന തരത്തിലുളള കമന്റുകൾ വന്നിട്ടുണ്ട്'-താരം പറഞ്ഞു.
കാംബോജി എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും സോന നായർ വ്യക്തമാക്കി. 'കാംബോജിയിൽ നാരായണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വിനോദ് മങ്കരയായിരുന്നു സംവിധായകൻ. അദ്ദേഹം എന്റെയും ഭർത്താവിന്റെയും അടുത്ത സുഹൃത്താണ്. സിനിമയിൽ മൂന്ന് നായികമാരുണ്ട്. അവരിൽ ഒരാളായാണ് ഞാൻ അഭിനയിച്ചത്. സംവിധായകൻ കഥ പറഞ്ഞപ്പോൾ തന്നെ അത് ചെയ്യണമെന്ന് എനിക്ക് ഒരു ആഗ്രഹമുണ്ടായി. കഥകളി പാട്ടുകൾ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമായിരുന്നു എന്റേത്.
എനിക്ക് ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ച ഒരു കഥാപാത്രമായിരുന്നു അത്. ചിത്രത്തിൽ ഒരു ലൗ മേക്കിംഗ് സീനുണ്ട്. ഞാൻ ആദ്യമായാണ് അത്തരത്തിൽ ഒരു സീൻ ചെയ്യുന്നത്. സംവിധായകൻ അത് പറഞ്ഞപ്പോൾ എനിക്ക് ആദ്യം ഒരു സങ്കോചമുണ്ടായി. നായകനായ വിനീതേട്ടൻ എനിക്ക് പൂർണപിന്തുണ നൽകിയിരുന്നു. അതിനേക്കാൾ സിനിമ കണ്ടതിനുശേഷമുളള വീട്ടുകാരുടെയും മറ്റുളളവരുടെയും പ്രതികരണം എന്താണെന്നുളള പരിഭ്രമം ഉണ്ടായിരുന്നു. ഭർത്താവ് സിനിമയിൽ പ്രവർത്തിക്കുന്ന ആളായതുകൊണ്ട് കാര്യങ്ങളൊക്കെ അറിയാമായിരുന്നു. എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. അന്ന് വലിയ സന്തോഷമുണ്ടായിരുന്നു' - സോന നായർ പറഞ്ഞു.