എഐ ദുരുപയോഗം: ഐശ്വര്യയ്ക്കും സൽമാനും പിന്നാലെ കോടതി സംരക്ഷണം തേടി ആർ. മാധവനും

  1. Home
  2. Entertainment

എഐ ദുരുപയോഗം: ഐശ്വര്യയ്ക്കും സൽമാനും പിന്നാലെ കോടതി സംരക്ഷണം തേടി ആർ. മാധവനും

r madhavan


ആർ. മാധവന്റെ പേരും ചിത്രവും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കി ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. എഐ (AI), ഡീപ് ഫേക്ക് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ. മാധവൻ നായകനായ 'ശൈത്താൻ' എന്ന സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിലും, 'കേസരി 3' എന്ന പേരിൽ പുതിയ സിനിമ ഇറങ്ങുന്നുവെന്ന രീതിയിലും എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ട്രെയിലറുകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് താരം കോടതിയെ സമീപിച്ചത്.

മാധവന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ രൂപമോ ശബ്ദമോ ഡിജിറ്റൽ സാങ്കേതികവിദ്യ വഴി വാണിജ്യ നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് കോടതി കർശന നിർദ്ദേശം നൽകി. താരത്തിന്റെ മുഖം മറ്റൊരു വീഡിയോയിൽ മോർഫ് ചെയ്ത് ചേർക്കുന്നതിനും വിലക്കുണ്ട്. കൂടാതെ, മാധവനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതോ അനുമതിയില്ലാത്തതോ ആയ ദൃശ്യങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ അധികൃതരോട് കോടതി ആവശ്യപ്പെട്ടു. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി 2026 മേയ് മാസത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

നേരത്തെ അമിതാഭ് ബച്ചൻ, അനിൽ കപൂർ, ഐശ്വര്യാ റായ്, കരൺ ജോഹർ, നാഗാർജുന തുടങ്ങിയ പ്രമുഖ താരങ്ങളും സമാനമായ ആവശ്യവുമായി കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. സെലിബ്രിറ്റികളുടെ പേരും പ്രശസ്തിയും അവരുടെ സമ്മതമില്ലാതെ പരസ്യങ്ങൾക്കോ മറ്റ് വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നത് തടയുക എന്നതാണ് ഇത്തരം കേസുകളുടെ ലക്ഷ്യം. നടൻ സൽമാൻ ഖാനും സമാനമായ രീതിയിൽ തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി നിലവിൽ കോടതിയെ സമീപിച്ചിട്ടുണ്ട്.