കണ്ണിമ ചിമ്മാതെ രൺബീർ റാഹയെ നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്, ടോക്സിക് ഭർത്താവല്ല; ആലിയ പറയുന്നു

  1. Home
  2. Entertainment

കണ്ണിമ ചിമ്മാതെ രൺബീർ റാഹയെ നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്, ടോക്സിക് ഭർത്താവല്ല; ആലിയ പറയുന്നു

alia


കഴിഞ്ഞ മേയിൽ മെറ്റ് ഗാലയിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ആലിയ ഭട്ട് ആഡംബര ബ്രാൻഡായ ഗുച്ചിയുടെ ഗ്ലോബൽ അംബാസഡറാകുന്ന ആദ്യ ഇന്ത്യൻതാരം എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയിരുന്നു. കരിയറിൽ നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും താരത്തിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും കുറവല്ല. നേരത്തെ വോഗ് മാഗസിന്റെ വീഡിയോയിൽ ഭർത്താവും നടനുമായ രൺബീറിനെ കുറിച്ചുള്ള ആലിയയുടെ പരാമർശമാണ് ട്രോളുകൾക്ക് വിഷയമായത്. താൻ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രൺബീറിന് ഇഷ്ടമില്ലെന്നും തന്റെ ചുണ്ടിന്റെ സ്വാഭാവിക നിറമാണ് അദ്ദേഹത്തിന് ഇഷ്ടമെന്നുമായിരുന്നു ആലിയയുടെ പ്രസ്താവന. ലിപ്സ്റ്റിക്ക് ഇട്ടാൽ അത് മായ്ച്ച്കളയാൻ രൺബീർ ആവശ്യപ്പെടാറുണ്ടെന്നും വീഡിയോയിൽ ആലിയ വ്യക്തമാക്കിയിരുന്നു.

ഇതോടെ രൺബീറിനെ വിമർശിച്ച് നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. രൺബീർ ടോക്സിക് ഭർത്താവാണെന്നും ആലിയ ടോക്‌സിസിറ്റിയെ ഗ്ലോറിഫൈ ചെയ്യുകയാണെന്നും ഇത് അത്ര വലിയ ക്യൂട്ട്‌നെസ് ആയി കാണേണ്ടെന്നും ആളുകൾ വിമർശിച്ചു. ലിപ്സ്റ്റിക്കിന് പകരം രൺബീറുമായുള്ള റിലേഷൻഷിപ്പാണ് മായ്‌ക്കേണ്ടതെന്നും ചിലർ ആലിയയെ ഉപദേശിച്ചിരുന്നു.

ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആലിയ. രൺബീർ ഒരിക്കലും ടോക്സിക് സ്വഭാവമുള്ള വ്യക്തിയല്ലെന്നും വിവാദമുണ്ടായപ്പോൾ അതൊരു തമാശയായെടുത്ത് തന്നെ ആശ്വസിപ്പിക്കുകയാണ് ചെയ്തതെന്നും ആലിയ പറയുന്നു. സംവിധായകൻ കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു ആലിയ.

'മാധ്യമങ്ങളോടായാലും പൊതുവിടത്തിലായാലും അധികമാലോചിക്കാതെ എല്ലാം തുറന്ന് പറയുന്ന പ്രകൃതമാണ് എന്റേത്. അത്തരത്തിൽ പറഞ്ഞ വാക്കുകൾ വളരെ മോശമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. രൺബീർ ഒരിക്കലും ടോക്സിക് സ്വഭാവമുള്ള വ്യക്തിയല്ല. വിവാദമുണ്ടായപ്പോൾപോലും അതെല്ലാം തമാശയായിയെടുത്ത് എന്നെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. താരങ്ങൾ ആരാധകരുടേതാണെന്നും അവർക്ക് ആവശ്യമുള്ള വാർത്തകൾ അവർ സൃഷ്ടിച്ചുകൊണ്ടിരിക്കുമെന്നും രൺബീർ എന്നോട് പറഞ്ഞു. സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നിടത്തോളം കാലം പരാതികളില്ലാതെ ജനങ്ങളുടെ സ്നേഹം സ്വീകരിക്കുകയാണ് വേണ്ടതെന്നും രൺബീർ ഉപദേശിച്ചു.

മനസിനെ അലട്ടുന്ന എന്തുകാര്യവും രൺബീർ എന്നോട് തുറന്നുപറയും. എന്തെങ്കിലും കാര്യത്തെ കുറിച്ച് ആദ്യം അഭിപ്രായം ചോദിക്കുകയും ചെയ്യും. അതെല്ലാം രൺബീറിന്റെ ശീലങ്ങളാണ്. മകളെന്നാൽ രൺബീറിന് ജീവനാണ്. ചിലപ്പോഴൊക്കെ കണ്ണിമ ചിമ്മാതെ റാഹയെ നോക്കിയിരിക്കുന്നത് കാണാം. മകൾക്കൊപ്പം കളിക്കാൻ രൺബീർ എപ്പോഴും സമയം കണ്ടെത്താറുണ്ട്. റാഹയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അതീവശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ് രൺബീർ. എപ്പോഴും രൺബീർ റാഹയെ എടുത്തുനടക്കും. ചിലപ്പോഴൊക്കെ പിടിച്ചു വാങ്ങേണ്ടി വന്നിട്ടുണ്ട്.

ഷംഷേര എന്ന ചിത്രം ബോക്സോഫീസിൽ പരാജയമായപ്പോഴും സംയമനത്തോടെയാണ് രൺബീർ നേരിട്ടത്. സിനിമ അത്ര നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടില്ലെന്നും അടുത്ത തവണ ഇതിലും നന്നായി പരിശ്രമിക്കുമെന്നുമായിരുന്നു രൺബീർ ആ സമയത്ത് പറഞ്ഞത്. ആലിയ വ്യക്തമാക്കുന്നു.