'അന്യഗ്രഹജീവികൾ പിന്തുടരുന്നു'; വിചിത്ര വാദവുമായി ഹോളിവുഡ് താരം ജെയിംസ് ഫ്രാങ്കോ

  1. Home
  2. Entertainment

'അന്യഗ്രഹജീവികൾ പിന്തുടരുന്നു'; വിചിത്ര വാദവുമായി ഹോളിവുഡ് താരം ജെയിംസ് ഫ്രാങ്കോ

james franco


തനിക്കൊപ്പം അന്യഗ്രഹജീവികളുണ്ടെന്ന വിചിത്ര അവകാശവാദവുമായി ഹോളിവുഡ് താരം ജെയിംസ് ഫ്രാങ്കോ രംഗത്ത്. തന്റെ വീടിന്റെ ജനാലയിലൂടെ അന്യഗ്രഹജീവി എത്തിനോക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ താരം ടിക് ടോക്കിലൂടെ പങ്കുവെച്ചു. വളരെക്കാലമായി താൻ ഇതിനോട് പോരാടുകയാണെന്നും സത്യം മറച്ചുവെക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഫ്രാങ്കോ അവകാശപ്പെടുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സാമൂഹികമാധ്യമങ്ങളിലൂടെ അന്യഗ്രഹജീവികളെക്കുറിച്ച് ഫ്രാങ്കോ ദുരൂഹ സൂചനകൾ പങ്കുവെച്ചിരുന്നു. ജൂലൈ 13-ന് ഒരു വലിയ വെളിപ്പെടുത്തൽ നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവിട്ടത്. 'ഞാൻ ചിലത് കണ്ടെത്തി. ഇത് ഞാൻ തേടിപ്പോയതല്ല, എന്റെ മേൽ അടിച്ചേൽപ്പിച്ചതാണ്. ഏറെ നാളായി ഞാനിതുമായി പോരാടുകയാണ്. പലരും എന്നെ ഭ്രാന്തനെന്ന് വിളിച്ചു. എന്റെ അക്കൗണ്ടുകൾ രണ്ട് തവണ ഹാക്ക് ചെയ്തു. സത്യം പുറത്തുവരാതിരിക്കാൻ ചിലർ ശ്രമിക്കുന്നതാണ്', എന്നാണ് വീഡിയോയുടെ തുടക്കത്തിൽ ഫ്രാങ്കോ പറയുന്നത്.

തുടർന്ന് ലാപ്‌ടോപിൽ സൂക്ഷിച്ചിരിക്കുന്നതാണെന്ന് അവകാശപ്പെടുന്ന ചില ദൃശ്യങ്ങളാണ് അദ്ദേഹം കാണിക്കുന്നത്. ഒരു മരത്തിന് പിന്നിൽ ഒളിച്ചുനിൽക്കുന്നതും, ജനാലയിലൂടെ അകത്തേക്ക് എത്തിനോക്കുന്നതുമായ രൂപമാണ് വീഡിയോയിൽ. ഈ രൂപം നീളമുള്ള വിരലുകൾ ജനൽച്ചില്ലിൽ അമർത്തുന്നതായും വീഡിയോയിൽ കാണാം. എന്നാൽ വീഡിയോ വിശ്വസിക്കാനാകില്ലെന്നാണ് ഭൂരിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും പ്രതികരണം. 'ഇത് യഥാർഥ ദൃശ്യമാണോ, അല്ലെങ്കിൽ ജെയിംസ് ഫ്രാങ്കോയ്ക്ക് ശരിക്കും ഭ്രാന്ത് പിടിച്ചോ?' എന്നാണ് ഒരാൾ പരിഹാസത്തോടെ കുറിച്ചത്. മിക്ക സെലിബ്രിറ്റികളും സിനിമയിൽനിന്ന് ഇടവേളയെടുത്ത് തിരിച്ചുവരുമ്പോൾ ഒരു അഭിമുഖമോ പോഡ്കാസ്‌റ്റോ ആണ് തിരഞ്ഞെടുക്കുക.

എന്നാൽ ഫ്രാങ്കോ നേരെ ഏലിയൻ കഥയിലേക്കാണ് പോയത്. ഇതെല്ലാം പുതിയ പ്രൊജക്റ്റിന്റെ പ്രഖ്യാപനത്തിന് മുമ്പുള്ള പ്രചാരണ തന്ത്രമാകാനാണ് സാധ്യത, എന്നായിരുന്നു മറ്റൊരു പ്രതികരണം. കൂടുതൽ ദൃശ്യങ്ങൾ കാണാൻ പണം നൽകി സബ്‌സ്‌ക്രൈബ് ചെയ്യാൻ ആവശ്യപ്പെട്ടതും വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. '127 അവേഴ്‌സ്' എന്ന ചിത്രത്തിലൂടെ ഓസ്‌കർ നാമനിർദ്ദേശം നേടിയ താരത്തിന്റെ ഈ വിചിത്ര വീഡിയോ വലിയ ട്രോളുകൾക്കാണ് വഴിവെച്ചിരിക്കുന്നത്.