അറ്റ്‌ലീ-അല്ലു അർജുൻ ചിത്രം 'രാക്ക'; ഞെട്ടിക്കുന്ന മേക്കോവറിൽ സ്റ്റൈലിഷ് സ്റ്റാർ; ഫസ്റ്റ് ലുക്ക് പുറത്ത്
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്റെ 44-ാം ജന്മദിനത്തിൽ ആരാധകർക്ക് ആവേശം പകർന്ന് അറ്റ്‌ലീ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'രാക്ക' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആരെയും അമ്പരപ്പിക്കുന്ന 'മനുഷ്യമൃഗ' രൂപത്തിലാണ് അല്ലു അർജുൻ പ്രത്യക്ഷപ്പെടുന്നത്. കഷണ്ടിയുള്ള തലയും മൃഗങ്ങളുടേതിന് സമാനമായ നഖങ്ങളും വിരലുകളുമുള്ള താരത്തിന്റെ രൂപം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
അല്ലു അർജുനും ഹിറ്റ് സംവിധായകൻ അറ്റ്‌ലീയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം സൺ പിക്‌ചേഴ്‌സ് ആണ് നിർമ്മിക്കുന്നത്. ദീപിക പദുക്കോൺ നായികയായെത്തുന്ന ചിത്രത്തിനായി ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോകളാണ് അണിനിരക്കുന്നത്. അല്ലു അർജുന്റെ 22-ാം ചിത്രവും അറ്റ്‌ലീയുടെ ആറാമത്തെ സംവിധാന സംരംഭവുമാണ് 'രാക്ക'. ജവാന്റെ വൻ വിജയത്തിന് ശേഷം അറ്റ്‌ലീ ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ വലിയ പ്രതീക്ഷയുള്ള പ്രോജക്റ്റുകളിൽ ഒന്നാണ്.
