ടോക്സിക്കിനും സെൻസർ ബോർഡിനുമെതിരെ അണ്ണാമലൈ
യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' സിനിമയെ മുൻനിർത്തി സെൻസർ ബോർഡിനെതിരെ തമിഴ്‌നാട് മുൻ ബി.ജെ.പി. അധ്യക്ഷനും വി ദ ലീഡേഴ്‌സ് സ്ഥാപകനുമായ കെ. അണ്ണാമലൈ. സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നതിൽ സെൻസർ ബോർഡ് കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോയമ്പത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് 'ടോക്‌സിക്' സിനിമയെ പരാമർശിച്ച് അണ്ണാമലൈ സെൻസർ ബോർഡിനെതിരെ രംഗത്തെത്തിയത്. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും അമിത അക്രമവും സ്ത്രീവിരുദ്ധ പ്രമേയങ്ങളും അടങ്ങിയ സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നതിൽ കർശന നിയന്ത്രണം അത്യാവശ്യമാണെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടു. എ സർട്ടിഫിക്കറ്റ് സിനിമകളിലൂടെ അമിത അക്രമരംഗങ്ങളും സ്ത്രീകളെ ഭോഗവസ്തുക്കളായി ചിത്രീകരിക്കുന്ന രീതിയും പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതെങ്കിലും സിനിമ നിരോധിക്കണമെന്നല്ല താൻ ആവശ്യപ്പെടുന്നതെന്ന് അണ്ണാമലൈ വ്യക്തമാക്കി. ചിത്രത്തിലെ പ്രധാന നടന്റെ ജനപ്രീതിയോ താരപദവിയോ നോക്കാതെ, തങ്ങളുടെ ചുമതല സെൻസർ ബോർഡ് ഉത്തരവാദിത്തത്തോടെ നിർവഹിക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
സിംഗിൾ സ്‌ക്രീൻ തിയേറ്ററുകളിൽ പ്രായപരിധി നിബന്ധനകൾ പാലിക്കുന്നതിലെ വീഴ്ചയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എ സർട്ടിഫിക്കറ്റുള്ള സിനിമകൾ കാണുന്നതിൽനിന്ന് കുട്ടികളെ വിലക്കാൻ തിയേറ്റർ ഉടമകൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
