അനൂപ് മേനോന്റെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഈ തനിനിറം ജനുവരി 16-ന് തിയേറ്ററുകളിലെത്തും
അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന 'ഈ തനിനിറം' എന്ന ചിത്രം ജനുവരി 16-ന് പ്രദർശനത്തിനെത്തുന്നു. രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹനാണ് നിർമ്മിക്കുന്നത്. മഹാരാജാ ടാക്കീസ്, അഡ്വ. ലക്ഷ്മണൻ ലേഡീസ് ഒൺലി എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് ഫിലിംസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ ഒരു ക്യാമ്പിൽ പങ്കെടുക്കാനായി 'ഇല്ലിക്കൽ ഹോളിഡേയ്സ്' എന്ന റിസോർട്ടിൽ ഒത്തുചേരുന്നതും തുടർന്ന് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂർണ്ണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമയിൽ ഓരോ ഘട്ടത്തിലും ചുരുളഴിയുന്ന ദുരൂഹതകളും അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് പ്രധാന ആകർഷണം. എസ്.ഐ. ഫെലിക്സ് ലോപ്പസ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ വേഷമിടുന്നത്.
രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി, പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അംബിക കണ്ണൻ ബായ് തിരക്കഥയൊരുക്കിയ ചിത്രത്തിന് പ്രദീപ് നായർ ഛായാഗ്രഹണവും അജു അജയ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. ചിത്രം ജനുവരി രണ്ടാം വാരത്തോടെ പ്രേക്ഷകരിലേക്ക് എത്തും.
