അൻസിബ ഹസന്റെ പരാതി; ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കും
നടി അൻസിബ ഹസന്റെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശിച്ചുള്ള എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിൽ പോലീസ് റിപ്പോർട്ടിനെതിരെ ഗുരുതര നിരീക്ഷണങ്ങൾ. കേസെടുക്കാൻ കഴിയില്ലെന്ന പോലീസ് റിപ്പോർട്ട് തള്ളിയാണ് കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. ജിഹാദി ഉൾപ്പെടെയുള്ള പരാമർശം ടിനി ടോം തമാശയായി നടത്തിയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ടിനിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കും.
നടിയും 'അമ്മ' എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന നീന കുറുപ്പിന്റെ മൊഴിയാണ് കോടതിയിൽ നിർണായകമായത്. 'അമ്മ' ഓഫീസിൽവെച്ച് ടിനി അൻസിബയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് നീന കുറുപ്പ് പോലീസിന് മൊഴി നൽകിയിരുന്നു. ശ്വേതാ മേനോനും ഇതേ കാര്യങ്ങൾ തന്നോട് പറഞ്ഞതായും നീന കുറുപ്പിന്റെ മൊഴിയിലുണ്ടായിരുന്നു.
അൻസിബയ്‌ക്കെതിരെ ടിനി ടോം ഡബിൾ ഡാഡി സിൻഡ്രോം, ഡിഎൻഎയിലെ പ്രശ്‌നങ്ങൾ, ജിഹാദി എന്നീ വാക്കുകൾ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. ജിഹാദി ഉൾപ്പെടെയുള്ള വാക്കുകൾ ടിനി തമാശയായി ഉപയോഗിച്ചതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്രിമിനൽ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പോലീസ് റിപ്പോർട്ട് പൂർണമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ശരിയായ നിഗമനത്തിൽ എത്താൻ സാധിക്കൂവെന്നും നിരീക്ഷിച്ചാണ് കോടതി വിശദമായ അന്വേഷണത്തിന് നിർദേശിച്ചത്.
പ്രഥമദൃഷ്ട്യാ ടിനി കുറ്റം ചെയ്തിട്ടുണ്ട്. ഹർജിക്കാരിയുടെ വാദങ്ങളിൽ കഴമ്പുണ്ട്. കുറ്റകൃത്യം നടന്നത് കടവന്ത്ര പോലീസ് സ്‌റ്റേഷൻ പരിധിയിൽ അല്ലെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
ചൊവ്വാഴ്ചയാണ് അൻസിബയുടെ പരാതിയിൽ ടിനിക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതി (ഏഴ്) നിർദേശം നൽകിയത്. അൻസിബയുടെ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നിർദേശം.
