'അന്ന് ക്ഷണക്കത്ത് ആരോ സ്റ്റോറിയിട്ടു, പരിചയമില്ലാത്തവർ വരെ കല്യാണത്തിന് വന്നു'; അപർണ ദാസ്

  1. Home
  2. Entertainment

'അന്ന് ക്ഷണക്കത്ത് ആരോ സ്റ്റോറിയിട്ടു, പരിചയമില്ലാത്തവർ വരെ കല്യാണത്തിന് വന്നു'; അപർണ ദാസ്

aparna-das


നടി അപർണ ദാസ് ആദ്യമായി പ്രണയത്തെ കുറിച്ചും വിവാഹശേഷമുണ്ടായ മാറ്റങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ്. പൊതുവെ സെലിബ്രിറ്റികൾ വിവാഹിതരായാൽ പിന്നീട് ചാനലുകളായ ചാനലുകളിലെല്ലാം അവരുടെ കപ്പിൾ ഇന്റർവ്യൂകൾ വരും. എന്നാൽ അപർണയും ദീപക്കും അത്തരം കാര്യങ്ങൾക്കൊന്നും നിന്ന് കൊടുത്തില്ല.

അതിനുള്ള കാരണവും മൈൽ സ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ അപർണ വെളിപ്പെടുത്തി. കല്യാണം കഴിഞ്ഞുവെന്നത് വലിയൊരു വിഷയമാക്കി എടുക്കാതിരിക്കാൻ വേണ്ടിയിട്ടാണ് ഞങ്ങൾ അഭിമുഖങ്ങൾ കൊടുക്കുന്നില്ലെന്ന് തീരുമാനിച്ചത്. വിവാഹമെന്നത് വളരെ ലൈറ്റായിട്ടുള്ള ഒരു വിഷയമായിരിക്കണം എന്നാണ് ഞാൻ വിചാരിക്കുന്നത്.

കാരണം അതൊരു ഓവർ ബേർഡനായോ ജീവിതത്തിലെ വലിയൊരു മാറ്റമായി തോന്നരുത് എന്ന ചിന്തയുണ്ടായിരുന്നു. അതുകൊണ്ടാണ് വലിയ പബ്ലിസിറ്റി കൊടുക്കാതിരുന്നത്. കല്യാണം പോലും വളരെ ക്വയറ്റായിട്ട് ചെയ്യാനാണ് വിചാരിച്ചിരുന്നത്. പക്ഷെ ഞങ്ങളുടെ ഇൻവിറ്റേഷൻ കാർഡ് ആരോ എടുത്ത് സ്റ്റോറിയിട്ടു. ആരാണ് സ്റ്റോറിയിട്ടതെന്ന് അറിയില്ല. അങ്ങനെയാണ് ഈ വിവാഹം വലിയൊരു സംഭവമായി മാറിയത്.

വിളിക്കാത്തവരും പരിചയമില്ലാത്തവരുമെല്ലാം കല്യാണത്തിന് വന്നിരുന്നു. വിവാഹത്തിന് ഹൽദിയും സംഗീതും വേണമെന്നത് എന്റെ ആഗ്രഹമായിരുന്നു. ദീപക്കേട്ടന് ഇതിനോടൊന്നും താൽപര്യമില്ലാത്തതിനാൽ ഹൽദിക്കും സംഗീതിനും അദ്ദേഹം ഉണ്ടായിരുന്നില്ല. എല്ലാം സിംപിളായി നടത്താൻ ആഗ്രഹിക്കുന്നയാളാണ് ദീപക്കേട്ടൻ അപർണ പറഞ്ഞു. പിന്നീട് നാല് വർഷത്തോളം നീണ്ട പ്രണയ കാലത്തെ കുറിച്ചും അപർണ മനസ് തുറന്നു.

എന്നെപ്പോലെ എപ്പോഴും ആക്ടീവായിട്ടുള്ള ആളല്ല ദീപക്കേട്ടൻ. മനോഹരത്തിന്റെ സെറ്റിൽ ദീപക്കേട്ടനെ കണ്ടപ്പോൾ എന്തൊരു ജാഡയുള്ള മനുഷ്യനാണെന്നാണ് എനിക്ക് ആദ്യം തോന്നിയത്. കാരണം ഹോട്ടലിന്റെ അടുത്ത് കിടക്കുന്ന കാറിന് അടുത്തേക്ക് നടക്കാൻ കഴിയാതെ വെയിൽ കൊള്ളാൻ വയ്യ കാർ അടുത്തേക്ക് കൊണ്ട് വരൂവെന്ന് ദീപക്കേട്ടൻ പറയുന്നത് ഞാൻ കേട്ടു.

ബേസിൽ ചേട്ടനോടോ മറ്റോവാണ് ദീപക്കേട്ടൻ അങ്ങനെ പറഞ്ഞത്. അവരുടെ കോൺവർസേഷനിൽ അതൊരു തമാശയാണ്. പക്ഷെ എനിക്ക് അത് മനസിലായില്ല. ഈ സിനിമാ നടന്മാരൊക്കെ ഇങ്ങനെയാണോ... ഇത്രപോലും വെയിൽ കൊള്ളാൻ വയ്യേ... എന്തൊരു അഹങ്കാരിയാണെന്നൊക്കെ ഞാൻ അതുകേട്ട് വിചാരിച്ചു.

വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് ദീപക്കേട്ടൻ പറഞ്ഞപ്പോൾ തന്നെ ഞാൻ വീട്ടിൽ പോയി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ വിവാഹത്തെ അറേഞ്ച്ഡ് മാരേജെന്നും വിശേഷിപ്പിക്കാം. വലിയ ഡ്രാമയൊന്നും ഇല്ലായിരുന്നു വീട്ടിൽ. പോയി പറഞ്ഞ് വൈകാതെ തന്നെ അവരുടെ ഗ്രീൻ സിഗ്‌നൽ കിട്ടു. ദീപക്കേട്ടൻ കുറച്ച് ഷോർട്ട് ടെംപേർഡാണ്. പക്ഷെ വളരെ ജെനുവിനാണ്. ആർഭാടമോ കാണിച്ച് കൂട്ടലുകളോയില്ല. ഞാൻ പൈങ്കിളി ലെവലിലുള്ള കാമുകിയായിരുന്നു.

തുടക്കത്തിൽ അതിന്റെ പേരിൽ പരിഭവവും അടിയുമുണ്ടായിരുന്നു. പിന്നെ ആളെ മനസിലായപ്പോൾ അത് മാറി. ഞങ്ങൾ തമ്മിൽ ഏഴ് വയസോളം പ്രായ വ്യത്യാസമുണ്ടെന്നും അപർണ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് സംസാരിക്കവെ പറഞ്ഞു. അപർണ ദാസ് പാലക്കാട് സ്വദേശിനിയാണ് ദീപക്ക് കണ്ണൂർ സ്വദേശിയാണ്. ഇരുവരും മലയാള സിനിമയിലെ യുവതാരനിരയിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള താരങ്ങളാണ്.