30 വർഷങ്ങൾക്കു ശേഷം എ.ആർ റഹ്മാനും പ്രഭുദേവയും ഒന്നിക്കുന്നു
മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം എ.ആർ റഹ്മാനും പ്രഭുദേവയും ഒന്നിക്കുന്ന 'മൂൺവാക്ക്' എന്ന ചിത്രത്തിന്റെ ട്രെയിലറിന് വിമർശനം. മനോജ് എൻ.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാബൂട്ടി എന്ന കൊറിയോഗ്രാഫറുടെ വേഷത്തിലാണ് പ്രഭുദേവ എത്തുന്നത്. സംഗീതസംവിധാനത്തിന് പുറമെ സംവിധായകൻ എ.ആർ റഹ്മാൻ എന്ന കഥാപാത്രമായി അഭിനയരംഗത്തേക്കും റഹ്മാൻ അരങ്ങേറ്റം കുറിക്കുന്നുണ്ട്. റഹ്മാൻ ചിത്രത്തിന്റെ ഭാഗമാണെന്ന് അറിഞ്ഞതുകൊണ്ടാണ് തിരക്കഥ പോലും വായിക്കാതെ അഭിനയിക്കാൻ സമ്മതിച്ചതെന്ന് പ്രഭുദേവ ഓഡിയോ ലോഞ്ചിനിടെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ശരീരത്തെ പരിഹസിക്കുന്ന തമാശകളും ഇരട്ട അർഥപ്രയോഗങ്ങളും അടങ്ങിയ കാലപ്പഴക്കമുള്ള കോമഡികളാണ് ട്രെയിലറിൽ കൂടുതലുള്ളതെന്നാണ് നിരൂപകരുടെ വിമർശനം. യോഗി ബാബു 16 വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ അജു വർഗീസ്, അർജുൻ അശോകൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഡിസംബർ 24-ന് ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
