അവര്‍ ജാതിയില്‍ ഉയര്‍ന്നതായിരുന്നു; അവളുടെ അച്ഛന്‍ സമ്മതിച്ചതു കൊണ്ട് ഒളിച്ചോട്ടം വേണ്ടി വന്നില്ല; അര്‍ജുന്‍ അശോകൻ

മലയാള സിനിമയിലെ യുവനടന്മാരില്‍ മുന്‍നിരയിലാണ് അര്‍ജുന്‍ അശോകന്റെ സ്ഥാനം. മലയാളികളുടെ പ്രിയ നടന്‍ ഹരിശ്രീ അശോകന്റെ മകനാണ് അര്‍ജുന്‍. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ജുന്റെ അരങ്ങേറ്റം. എന്നാല്‍ തുടക്കം പാളി. പക്ഷെ ഒരിടവേളയ്ക്ക് ശേഷം പറവയിലൂടെ വീണ്ടും അര്‍ജുന്‍ എത്തി. ഇത്തവണ പക്ഷെ കേറിയങ്ങ് കൊളുത്തി.
പറവയിലൂടെ കയ്യടി നേടിയ അര്‍ജുന്‍ പിന്നീട് നായകനായും വില്ലനായും സഹനടനായുമൊക്കെ കയ്യടി നേടി. നിരവധി ഹിറ്റ് കഥാപാത്രങ്ങളും സിനിമകളും അര്‍ജുനെ തേടിയെത്തി. ഈ വര്‍ഷം പുറത്തിറങ്ങിയ രോമാഞ്ചാവും പ്രണയവിലാസവുമൊക്കെ മികച്ച വിജയങ്ങളായിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രവും തനിക്ക് ചേരുമെന്ന് അര്‍ജുന്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ഓഫ് സ്‌ക്രീന്‍ ജീവിതത്തെക്കുറിച്ചും മനസ് തുറക്കുകയാണ് അര്‍ജുന്‍ അശോകന്‍. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ മനസ് തുറന്നത്. രോമാഞ്ചത്തില്‍ ഞാന്‍ ചെയ്തൊരു മാനറിസവും ആക്ഷനുമൊക്കെ ആളുകള്‍ക്ക് ഇഷ്ടമായെന്ന് അറിയുമ്പോള്‍ സന്തോഷമാണ്. പലരും എന്റെ മുന്നില്‍ വന്ന് അതേ ആക്ഷന്‍ കാണിക്കാറുണ്ടെന്നും അര്‍ജുന്‍ പറയുന്നു.
ചിരിയായാലും സങ്കടമായാലും ദേഷ്യമായാലും ആ ഇമോഷന്‍ നമ്മള്‍ കുറച്ചുനേരം കൊണ്ട് നടക്കും. കഥാപാത്രത്തിന് അനുസരിച്ച് മാനറിസവും ഇമോഷനുമെല്ലാം മാറ്റും എന്നാണ് തന്റെ അഭിനയ രീതിയെക്കുറിച്ച് അര്‍ജുന്‍ പറയുന്നത്. ജാന്‍ ഏ മന്‍ ഒക്കെ ചെയ്യുന്ന സമയത്ത് ക്യാമറയ്ക്ക് പിന്നില്‍ ഞങ്ങള്‍ ചിരിച്ചോണ്ടിരിക്കുകയായിരുന്നുവെന്നാണ് അര്‍ജുന്‍ ഓര്‍ക്കുന്നത്. അര്‍ജുന്‍ വില്ലന്‍ വേഷം ചെയ്ത് കയ്യടി നേടിയ ചിത്രമായിരുന്നു വരത്തന്‍. അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
വരത്തന്‍ കഴിഞ്ഞതോടെയാണ് വില്ലന്‍ വേഷം ചെയ്യാന്‍ കൂടുതല്‍ താല്‍പര്യം തോന്നിയതെന്നാണ് അര്‍ജുന്‍ പറയുന്നത്. ആദ്യത്തെ രണ്ട് സിനിമ അത്ര വര്‍ക്കാവാതെ വന്നപ്പോള്‍ ഇനിയെന്ത് എന്ന ആശങ്കയുണ്ടായിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ സിനിമയില്‍ തന്നെ നില്‍ക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. പഠനം കൊണ്ട് മുന്നേറില്ലെന്ന് തനിക്കും വീട്ടുകാര്‍ക്കും അറിയാമായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.
അതേസമയം, കലാപരമായിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന കോണ്‍ഫിഡന്‍സുണ്ടായിരുന്നു. ദൈവം സഹായിച്ച് അഭിനയത്തില്‍ തന്നെ തിളങ്ങാനായെന്നും അര്‍ജുന്‍ പറയുന്നു. ഹിറ്റാവണം, ആളുകള്‍ ഏറ്റെടുക്കണം എന്ന് കരുതിയാണ് സിനിമകള്‍ ചെയ്യുന്നത്. എനിക്ക് ഇത് ചെയ്യാന്‍ പറ്റുമോ എന്നാണ് കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോള്‍ ആലോചിക്കാറുള്ളതെന്നും അര്‍ജുന്‍ തന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞു.
അതേസമയം നായകനാകാന്‍ പറ്റുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അര്‍ജുന്‍ പറയുന്നുണ്ട്. അഭിനേതാവാകണം, അത്യാവശ്യം നല്ല ക്യാരക്ടര്‍ ചെയ്യണം. എന്റെ പേരില്‍ അച്ഛനെ ചീത്ത കേള്‍പ്പിക്കരുത് എന്നൊക്കെയാണ് ചിന്തിച്ചിരുന്നത് എന്നാണ് തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് അര്‍ജുന്‍ പറയുന്നത്. മലയാളത്തിന് പുറമെ അന്യഭാഷയിലൊക്കെ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ, അവര്‍ വിളിക്കണ്ടേ എന്നും അര്‍ജുന്‍ രസകരമായി ചോദിക്കുന്നുണ്ട്. തമിഴ് അര്‍ജുന് അറിയാം. ഭാര്യ തമിഴ് കുടുംബത്തിലുളള ആളാണ്. ഹിന്ദിയിലും തെലുങ്കുമൊക്കെ വേണമെങ്കില്‍ പഠിച്ച് ചെയ്യാനും അര്‍ജുന്‍ റെഡിയാണ്.
തന്റെ പ്രണയത്തെക്കുറിച്ചും അര്‍ജുന്‍ സംസാരിക്കുന്നുണ്ട്. അര്‍ജുനെ പോലെ തന്നെ ചേച്ചിയും പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത്. ചേച്ചിയുടെ വിവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. എന്റേത് കുറച്ച് അധികം പ്രശ്നങ്ങൾ ഉള്ളതായിരുന്നു. ജാതി അടിസ്ഥാനത്തിൽ നോക്കുമ്പോൾ അവർ കുറച്ചു മുകളിലാണ് ഒളിച്ചോടേണ്ടി വരുമെന്നായിരുന്നു കരുതിയത്. പക്ഷേ ദൈവം സഹായിച്ചതുകൊണ്ടും അച്ഛൻ സമ്മതിച്ചതുകൊണ്ടും അത് നടന്നു. പിന്നെ ഇതൊക്കെ ഓരോരുത്തരുടെ ചിന്താഗതികൾക്ക് അനുസരിച്ചല്ലേ നമുക്ക് ഒരാളെ ഇങ്ങനെ തന്നെ ചിന്തിക്കണം എന്ന് പറഞ്ഞ് നിർബന്ധിക്കേണ്ട കാര്യമില്ലല്ലോ. ബ്രെയിൻ വാഷ് ചെയ്ത് മാറ്റാനും പറ്റില്ല. പതുക്കെ അതൊക്കെ മാറുന്നുണ്ട്. എന്നെ സംബന്ധിച്ച് വീട്ടിൽ പ്രശ്നമില്ല എന്നതുകൊണ്ടാണ് പ്രേമിച്ചതും കല്യാണം കഴിച്ചതും ഒക്കെ.- അര്‍ജുന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.