സിനിമയിൽ തന്റെ വേഷം ചെറുതായെന്ന് പറഞ്ഞ് ദിലീപ് കരച്ചിലായി, വീട് പണയത്തിലാക്കിയിട്ടാണ് ലാല്‍ പൈസയുമായി വന്നത്; ആര്‍ട്ട് ഡയറക്ടർ ബോബന്‍

സുരേഷ് ഗോപി, ലാല്‍, ദിലീപ് എന്നിവര്‍ മത്സരിച്ച് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് പടമാണ് തെങ്കാശിപ്പട്ടണം. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ ലാല്‍ നിര്‍മിച്ച സിനിമ അക്കാലത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. രണ്ടായിരത്തിലെ ക്രിസ്തുമസ് റിലീസായിട്ട് എത്തിയ ചിത്രം കോമഡിക്ക് മുന്‍ഗണന നല്‍കിയ ഫാമിലി എന്റര്‍ടെയിനർ ആയിരുന്നു. പക്ഷേ ഈ സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ അത് വിജയിക്കില്ല എന്നാണ് പലരും കരുതിയിരുന്നത്. മാത്രമല്ല തനിക്ക് ചെറിയൊരു റോള്‍ സിനിമയില്‍ ഉള്ളത് എന്ന് കരുതി ദിലീപ് സങ്കടപ്പെടുകയും ചെയ്തിരുന്നുവെന്ന് പറയുകയാണ് ആര്‍ട്ട് ഡയറക്ടറായ ബോബന്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെങ്കാശിപ്പട്ടണം ഹിറ്റാവും എന്ന അതിന്റെ സംവിധായകനോ നിര്‍മാതാവിനോ അതില്‍ അഭിനയിച്ചിരിക്കുന്ന താരങ്ങള്‍ക്കോ പ്രതീക്ഷ ഉണ്ടായിരുന്നില്ല. കാരണം അതിന്റെ ചിത്രീകരണം നടക്കുമ്പോള്‍ ഓരോ ദിവസവും ആ രീതിയിലാണ് പോയിക്കൊണ്ടിരുന്നത്. അവര്‍ക്കാണ് പ്രധാന കഥാപാത്രങ്ങള്‍ എനിക്കില്ലെന്ന് ദിലീപ് പറയുമായിരുന്നു. സുരേഷേട്ടനൊക്കെ അന്ന് വലിയ മാര്‍ക്കറ്റ് ഉണ്ടായിരുന്നെന്ന് പറയാന്‍ പറ്റില്ല. പക്ഷേ അവര്‍ കോമഡികളൊക്കെ പറയുന്നതുകൊണ്ട് ആ പടത്തില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു രസമുണ്ടായിരുന്നു.
പിന്നെ സിനിമയിലെ പ്രധാന സീനില്‍ പശുവിനെ ഉണ്ടാക്കണമെന്ന് പറഞ്ഞു. ആദ്യം കളിമണ്ണിലും പിന്നെ റബറിലും ഉണ്ടാക്കി. എന്നാല്‍ ആ പശുവിന്റെ സീന്‍ അരാജകമാണെന്നും വര്‍ക്കാവില്ലെന്ന് ആണ് ഞാന്‍ അടക്കമുള്ളവര്‍ കരുതിയത്. പക്ഷേ എന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റി. ആ സിനിമയില്‍ ഏറ്റവും കൂടുതല്‍ കയ്യടി കിട്ടിയത് ആ സീനിയായിരുന്നു. തമിഴിലും ആ സീന്‍ വര്‍ക്ക് ആയി. പാളി പോകുമെന്ന് നമ്മള്‍ കരുതുന്നത് ഒക്കെ ശരിക്കും ഹിറ്റ് ആവാറുണ്ട്. ' തെങ്കാശി തമിഴ് പൈങ്കിളി' എന്ന പാട്ടിന്റെ ചിത്രീകരണം പൊള്ളാച്ചിയില്‍ നടക്കുകയാണ്. ആരോ ഏഴോ ലക്ഷം രൂപയ്ക്കാണ് അതിന്റെ സെറ്റിട്ടത്. ആ സമയത്ത് ലാല്‍ സാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വീട് പണയം വെച്ചിട്ട് കിട്ടിയ പൈസയാണ് ഇതെന്നാണ്. ഒരുപക്ഷേ ഈ പടം ഓടിയില്ലായിരുന്നെങ്കില്‍ എന്താവും ആയിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ. റോഡില്‍ കിടക്കേണ്ട അവസ്ഥ വരുമെന്ന് പുള്ളി പറഞ്ഞു. അതിനു മുന്‍പ് ചെയ്ത പടം ഫ്രണ്ട്‌സ് ആയിരുന്നു. അതില്‍ നിന്നും വലിയ ലാഭം ഒന്നും ലഭിച്ചില്ല. അതിനുശേഷം ആണ് തെങ്കാശിപ്പട്ടണം വരുന്നത്.
എന്തായാലും ആ പടം നല്ലപോലെ ഓടി, പുള്ളിക്ക് ലാഭത്തിന് മുകളില്‍ ലാഭം ലഭിച്ചു. അതുപോലെ ദിലീപ് തനിക്ക് ഇതില്‍ വലിയ റോളില്ലെന്നും സുരേഷ് ഗോപിയും ലാലുമാണ് പരസ്പരം അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞിരുന്നു. എല്ലാം കഴിഞ്ഞു സിനിമയുടെ 250-ാം ദിവസം ആഘോഷിക്കുമ്പോള്‍ ഇപ്പോള്‍ എങ്ങനെ ഉണ്ടെന്ന് ദിലീപിനോട് ചോദിച്ചപ്പോള്‍ സമ്മതിക്കണം എന്നായിരുന്നു അദ്ദേഹത്തിന് മറുപടി. ദിലീപിന്റെ കയ്യിലൂടെയാണ് പടം പോകുന്നത് എന്ന് അത് കണ്ടു കഴിഞ്ഞപ്പോള്‍ വ്യക്തമായി. ദിലീപിന്റെ കഥാപാത്രത്തിന്റെ ബുദ്ധിയിലൂടെയാണ് സിനിമ മൊത്തത്തില്‍ പോകുന്നത്. അത് ദിലീപ് സമ്മതിക്കുകയും ചെയ്തു.