'അരിയാഹാരം വളരെ കുറവ്, ചെറുധാന്യങ്ങളും കൃഷി ചെയ്തിരുന്നു': അട്ടപ്പാടിയുടെ രുചികളെപ്പറ്റി നഞ്ചിയമ്മ

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നഞ്ചിയമ്മ എന്ന ഗായിക അട്ടപ്പാടിയുടെ നിരവധി വിശേഷങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അട്ടപ്പാടിയുടെ ചില രുചിക്കൂട്ടുകളെക്കുറിച്ച് നഞ്ചിയമ്മ പറഞ്ഞത് ശ്രദ്ധേയമാണ്-
മലനിരകളും കാടും പുഴയുമെല്ലാം അട്ടപ്പാടിയുടെ ഭംഗിയല്ലേ. അതു കാണാന്‍ നിറയെ ആളുകള്‍ വരുന്നുണ്ട്. അട്ടപ്പാടിക്കു സ്വന്തമായി ചില അടുക്കളരുചികളുമുണ്ട്. ഞങ്ങള്‍ ആദിവാസികള്‍ പരമ്പരാഗതമായി ലളിതഭക്ഷണം ശീലിച്ചവരാണ്. തേനും കാട്ടുകിഴങ്ങുകളും പറമ്പില്‍ കാണുന്ന നൂറിലധികം ഇലക്കറികളും ഞങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അരിയാഹാരം വളരെ കുറവ്. ചോളം, റാഗി, തിന, വരഗ്, കമ്പ്, ചാമ തുടങ്ങി വിവിധയിനം ചെറുധാന്യങ്ങളും കൃഷി ചെയ്തിരുന്നു. ചാക്കുകണക്കിന് ധാന്യങ്ങള്‍ ഓരോ ആദിവാസി വീടുകളിലും സൂക്ഷിച്ചിരുന്നു.
മുളയരി കൊണ്ടുള്ള വിഭവങ്ങള്‍ പ്രധാനമായിരുന്നു. ഇളം മുളങ്കൂമ്പുകൊണ്ടുള്ള കറി ആദിവാസികള്‍ക്ക് വിശിഷ്ടവിഭവമായിരുന്നു. 'മൂങ്കെസാറ്' എന്നാണു ഞങ്ങള്‍ പറയുക. ചെറുതീയുള്ള അടുപ്പില്‍, റാഗി വലിയ മണ്‍കലത്തിലിട്ട് മുളയുടെ തവി കൊണ്ട് ഇളക്കി വേവിച്ച് ഉണ്ടാക്കുന്ന 'റായിപ്ട്ട്' കൂടെ ഇലക്കറിയുമാണ് ഞങ്ങളുടെ പ്രധാന ആഹാരം.
പുഴയുടെ തീരത്ത് ധാരാളമായി കാണുന്ന പന്നല്‍ വര്‍ഗത്തില്‍പ്പെടുന്ന 'ചുരുളി'യാണ് ഇലകളില്‍ ഏറ്റവും രുചിയുള്ളതായി തോന്നിയിട്ടുള്ളത്. ഇലക്കറികളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും പാട്ടുകളുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് ചാനലുകാരും യുട്യൂബുകാരും എന്നെ കൂടെ നിര്‍ത്തി അട്ടപ്പാടിയുടെ ചില രുചികള്‍ അവതരിപ്പിച്ചിരുന്നു.