'അന്ന് പണയം വെക്കാൻ ഐഡി പ്രൂഫ് ചോദിച്ചു; കൂടെ വന്നവൻ എന്റെ ഫ്‌ലെക്‌സ് കാണിച്ച് കൊടുത്തു'; ആസിഫ് അലി

ആസിഫ് അലിയുടെ ഏറ്റവും പുതിയ സിനിമ കാസർഗോൾഡ് റിലീസിന് തയ്യാറെടുക്കുകയാണ്. ട്രെയിലർ, ഗാനങ്ങൾ എന്നിവ പുറത്തിറങ്ങിയപ്പോൾ മുതൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് കാസർഗോൾഡ്. ബിടെക് സിനിമയുടെ സംവിധായകൻ മൃദുൽ നായരാണ് കാസർഗോൾഡ് സംവിധാനം ചെയ്തിരിക്കുന്നത്. ആസിഫ് അലിക്ക് പുറമെ വിനായകൻ, സണ്ണി വെയ്ൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ആസിഫ് അലിയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ മഹേഷും മാരുതിയും പരാജയമായിരുന്നു. അതുകൊണ്ട് തന്നെ ആസിഫ് അലി ആരാധകർക്ക് കാസർഗോൾഡിനെ കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. സ്വർണ്ണ കടത്തും മറ്റുമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സ്വർണവുമായിട്ടുള്ള രസകരമായ അനുഭവം ആസിഫ് അലി പങ്കുവെച്ചു.
സ്വർണവുമായിട്ടുള്ള ആദ്യത്തെ എക്‌സ്പീരിയൻസ് എന്താണെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് രസകരമായ അനുഭവം ആസിഫ് അലി പങ്കുവെച്ചത്. സിനിമയിൽ ചാൻസ് നേടാൻ നടന്നിരുന്ന കാലത്ത് സ്വർണം പണയം വെക്കാൻ ബാങ്കിൽ ചെന്നപ്പോൾ ഒരുപിടി സമ്മാനങ്ങൾ പിടിച്ചുനിൽക്കുന്ന തന്റെ ഫ്‌ലെക്‌സ് കണ്ടുവെന്നും ഐഡി പ്രൂഫ് ചോദിച്ചപ്പോൾ ബാങ്ക് ജീവനക്കാരിക്ക് ഫ്‌ലെക്‌സ് കാണിച്ചുകൊടുത്തുവെന്നുമാണ് ആസിഫ് അലി പറഞ്ഞത്.
'മലയാള സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹവുമായി എറണാകുളത്തേക്ക് വന്ന് സർവൈവ് ചെയ്യാൻ രക്ഷയില്ലാതെ നിൽക്കുന്ന സമയത്താണ് കയ്യിലുണ്ടായിരുന്ന സ്വർണ മോതിരം ആദ്യമായി പണയം വെക്കാൻ പോകുന്നത്.'
'അതൊരു വലിയ കഥയാണ്. സിനിമയുടെ ഭാഗമാകാൻ എറണാകുളത്തേക്ക് വരുന്നു. ആ സമയത്ത് സിനിമയിലേക്കുള്ള ഫസ്റ്റ് വിൻഡോ എന്ന് പറയുന്നത് മോഡലിങ്ങാണ്. കാണാനൊരു മോഡലിനെ പോലെയോ അത്ര വലിയ ലുക്കോ ഒന്നുമില്ലാത്ത കാലഘട്ടമായിരുന്നു.'
'അന്ന് കുറെ ഫോട്ടോ ഷൂട്ട് നടക്കും. അപ്പോൾ നമ്മൾ എന്താന്നോ ഏതാന്നോ അന്വേഷിക്കാതെ ഫോട്ടോ ഷൂട്ട്സിന്റെ ഭാഗമാകും. അന്ന് എപ്പഴോ എടുത്ത ഫോട്ടോ ഷൂട്ടിന്റെ ഫോട്ടോ ഞാൻ കാണുന്നത് പണയം വെക്കാൻ പോയ സ്ഥലത്താണ്. അവിടെ ചെല്ലുമ്പോൾ പണയം വെക്കാൻ നിൽക്കുന്ന കൗണ്ടറിന്റെ പുറകിൽ ഒരുപിടി സമ്മാനങ്ങളുമായി എന്റെ ഫോട്ടോയാണ് നിൽക്കുന്നത്.'
'ഞാൻ മോതിരവുമായി കൗണ്ടറിൽ പോയി നിന്നപ്പോൾ അവിടെയുള്ള ചേച്ചി ഐഡി പ്രൂഫ് ചോദിച്ചു. ആ സമയം ഞാൻ ആ ഫോട്ടോ നോക്കി സ്റ്റക്കായി ഇങ്ങനെ നിൽക്കുകയാണ്. ഉടനെ എന്റെ കൂടെ വന്നയാൾ എന്തിനാ ഐഡി പ്രൂഫ്... ദേ ആ നിൽക്കുന്ന ആളാണെന്നും പറഞ്ഞ് എന്റെ ഫോട്ടോ കാണിച്ചുകൊടുത്തു.'
'അതാണ് സ്വർണവുമായിട്ടുള്ള എന്റെ ആദ്യത്തെ എക്സ്പിരിയൻസ്', എന്നാണ് ആസിഫ് അലി പറഞ്ഞത്. അവസാനമായി എപ്പോഴാണ് സ്വർണ്ണം വാങ്ങിയത് എന്ന് ചോദിച്ചപ്പോൾ 'അവസാനമായിട്ടല്ല... സ്വർണ്ണം ഇപ്പോൾ വാങ്ങി കൊണ്ടിരിക്കുകയാണ്... കല്യാണം കഴിച്ചല്ലോ', എന്നാണ് തമാശ കലർത്തി ആസിഫ് അലി പറഞ്ഞത്.
സംവിധായകൻ മൃദുൽ നായർക്കൊപ്പമായിരുന്നു ആസിഫ് അലി അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇതേ ചോദ്യം അവതാരകൻ മൃദുൽ നായരോട് ചോദിച്ചപ്പോൾ സ്വർണ്ണത്തോട് വലിയ കമ്പമില്ലെന്നും സ്വർണ്ണം ഇടാറില്ലെന്നും പക്ഷെ ജോലി കിട്ടിയ ശേഷം അമ്മയ്ക്ക് രണ്ട് വള വാങ്ങികൊടുത്തിട്ടുണ്ടെന്നുമാണ് മൃദുൽ നായർ പറഞ്ഞത്.