കൗതുകമുണർത്തി ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ് സെക്കൻഡ് ലുക്ക്

  1. Home
  2. Entertainment

കൗതുകമുണർത്തി ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ് സെക്കൻഡ് ലുക്ക്

avarachan and sons


പ്രേക്ഷകർക്കിടയിൽ വലിയ കൗതുകമുണർത്തി ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. കുടുംബബന്ധങ്ങളുടെയും നർമ്മത്തിന്റെയും വൈകാരിക നിമിഷങ്ങളുടെയും മനോഹരമായ സംയോജനമായിരിക്കും ചിത്രമെന്ന സൂചനയാണ് പുതിയ പോസ്റ്റർ നൽകുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പിയാണ്.

ഒരു കുടുംബത്തിന്റെ ആത്മബന്ധവും സന്തോഷ നിമിഷങ്ങളും സ്വാഭാവികമായി ഒരു സെൽഫിയിൽ പകർത്തുന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു പക്കാ ഫാമിലി ഡ്രാമയും കംപ്ലീറ്റ് ഫാമിലി എന്റർടൈനറുമായിരിക്കും അവറാച്ചൻ ആൻഡ് സൺസ് എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

ബിജു മേനോനൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.