ബോളിവുഡ് താരം ആമിർ ഖാൻ വിവാഹിതനാകുന്നു; ചടങ്ങുകൾ ജൂലായ് അഞ്ചിന് സ്വവസതിയിൽ
ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു. ജൂലായ് അഞ്ചിന് മുംബൈയിലെ സ്വവസതിയിൽ നടക്കുന്ന തികച്ചും സ്വകാര്യമായ ചടങ്ങിൽ ഗൗരി സ്‌പ്രാറ്റിനെ അദ്ദേഹം ജീവിതസഖിയാക്കും. 61കാരനായ ആമിറും 47കാരിയായ ഗൗരിയും ഏറെ നാളായി പ്രണയത്തിലാണ്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന രജിസ്റ്റർ വിവാഹമായിരിക്കും ഇതെന്നാണ് വിവരം. ചടങ്ങിൽ ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും പങ്കെടുത്തേക്കും.
തന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനിടെ വാർത്താ സമ്മേളനത്തിലാണ് പുതിയ പ്രണയവിവരം ആമിർ ഖാൻ വെളിപ്പെടുത്തിയത്. അന്ന് കാമുകിയായ ഗൗരിയെ താരം മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുവർക്കും 25 വർഷത്തിലേറെയായുള്ള പരിചയമുണ്ടെന്നും കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലാണെന്നുമാണ് അന്ന് നടൻ വ്യക്തമാക്കിയത്. ബംഗളൂരു സ്വദേശിയായ ഗൗരി നിലവിൽ ആമിർ ഖാന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഗൗരിക്ക് മുൻ വിവാഹത്തിൽ ക്വിൻ എന്ന ഏഴു വയസുള്ള മകനുണ്ട്. ഇവരുടെ മുത്തശ്ശൻ ഫിലിപ്പ് സ്പ്രാറ്റ് 1920കളിൽ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് വംശജനായ കമ്മ്യൂണിസ്റ്റായിരുന്നു.
റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ജുനൈദ്, ഇറ എന്നീ മക്കളുണ്ട്. പിന്നീട് സംവിധായകയായ കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 2021ൽ ഇവർ വേർപിരിഞ്ഞു. ആസാദ് ആണ് ഈ ബന്ധത്തിലെ മകൻ.
