റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ആദരവ് ഏറ്റുവാങ്ങി ബോളിവുഡ് നടി രേഖ
ഇന്ത്യൻ സിനിമാ ലോകത്തെ പ്രിയപ്പെട്ട നടി രേഖയെ ജിദ്ദയിൽ നടക്കുന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദരിച്ചു.ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വലിയ സംഭാവനകൾ പരിഗണിച്ചാണ് ഫെസ്റ്റിവൽ രേഖയെ ആദരിച്ചത്.
1981-ൽ പുറത്തിറങ്ങിയ രേഖയുടെ പ്രശസ്ത ക്ലാസിക് ചിത്രം 'ഉമ്റാവു ജാൻ'-ന്റെ പുതുക്കിയ പതിപ്പ് ചടങ്ങിൽ പ്രത്യേകമായി പ്രദർശിപ്പിച്ചു. ഈ പ്രദർശനത്തോടനുബന്ധിച്ചാണ് റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സി.ഇ.ഒ. ഫൈസൽ ബാൾട്ടിയൂർ രേഖയെ ആദരവ് നൽകി ആദരിച്ചത്.
തന്റെ ഐക്കണിക് ചിത്രം ഒരു അന്താരാഷ്ട്ര വേദിയിൽ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയതിന്റെ സന്തോഷം രേഖ മറച്ചുവെച്ചില്ല. വികാരനിർഭരമായ പ്രസംഗത്തിലൂടെ നടി സദസ്സിന്റെ കയ്യടി നേടി. സിനിമയാണ് തന്റെ ജീവിതമെന്നും, പുതിയ തലമുറ സിനിമയെ ഗൗരവത്തോടെ കാണണമെന്നും അവർ ആവശ്യപ്പെട്ടു. "ഏറ്റവും നന്നായി ജീവിക്കുക, അപ്പോൾ മറ്റുള്ളതെല്ലാം പിന്നാലെ വരും," എന്നും രേഖ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ സംവിധായകൻ മുസഫർ അലി ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
