റെക്കോർഡുകൾ തകർത്ത് ധുരന്ധർ; 1000 കോടി ക്ലബ്ബിലേക്ക്, ആഗോള ബോക്സ് ഓഫീസിൽ വൻ കുതിപ്പ്

  1. Home
  2. Entertainment

റെക്കോർഡുകൾ തകർത്ത് ധുരന്ധർ; 1000 കോടി ക്ലബ്ബിലേക്ക്, ആഗോള ബോക്സ് ഓഫീസിൽ വൻ കുതിപ്പ്

ranveer singh


ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം 'ധുരന്ധർ' ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുന്നു. പുറത്തിറങ്ങി വെറും 18 ദിവസങ്ങൾക്കുള്ളിൽ ചിത്രം 900 കോടി രൂപയുടെ ആഗോള കളക്ഷൻ പിന്നിട്ടു. ഇന്ത്യയിൽ നിന്ന് മാത്രം ഇതുവരെ 707.5 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ കാന്താര, സ്ത്രീ 2, ബാഹുബലി 2 തുടങ്ങിയ ചിത്രങ്ങളുടെ ആഗോള കളക്ഷൻ റെക്കോർഡുകൾ ധുരന്ധർ മറികടന്നു. ക്രിസ്മസ് ദിനത്തിലെ കളക്ഷൻ കൂടി പുറത്തുവരുന്നതോടെ ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.

രൺബീർ കപൂർ ചിത്രം 'അനിമൽ' നേടിയ 915 കോടി എന്ന റെക്കോർഡും വരും ദിവസങ്ങളിൽ ധുരന്ധർ മറികടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. വിദേശ വിപണിയിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനോടകം 193.40 കോടി രൂപ വിദേശത്തുനിന്ന് ചിത്രം സമാഹരിച്ചു കഴിഞ്ഞു. 2025-ൽ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും കൂലി, സയാര എന്നീ ചിത്രങ്ങളെ പിന്നിലാക്കി ധുരന്ധർ സ്വന്തമാക്കി. വിദേശ ബോക്സ് ഓഫീസിൽ ചിത്രം 200 കോടി ക്ലബ്ബിലേക്ക് നീങ്ങുകയാണ്.

പാകിസ്ഥാനിലെ കറാച്ചിയിലെ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന 'ഹംസ' എന്ന റോ (RAW) ഏജന്റിന്റെ സാഹസികമായ കഥയാണ് ചിത്രം പറയുന്നത്. ഐഎസ്ഐയുടെ നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു. ചിത്രത്തിൽ അക്ഷയ് ഖന്നയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ മാധവൻ, സാറ അർജുൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.