'25,000 രൂപയുടെ പെർഫ്യൂം വരെ അന്ന് ഉപയോഗിച്ചിരുന്നു; ഇന്ന് എന്റടുത്ത് കാശില്ലെന്ന് പലരും പറയും, അങ്ങനെയല്ല'; ചാർമിള

  1. Home
  2. Entertainment

'25,000 രൂപയുടെ പെർഫ്യൂം വരെ അന്ന് ഉപയോഗിച്ചിരുന്നു; ഇന്ന് എന്റടുത്ത് കാശില്ലെന്ന് പലരും പറയും, അങ്ങനെയല്ല'; ചാർമിള

CHARMILA


മലയാള സിനിമ പ്രേക്ഷകർ ഒരിക്കലും മറക്കാത്ത നായികമാരിൽ ഒരാളാണ് ചാർമിള. എന്നാൽ ജീവിതത്തിലും കരിയറിലെ പലതരം വീഴ്ചകൾ നടിക്ക് സംഭവിച്ചിട്ടുണ്ട്. വിവാഹ ബന്ധങ്ങൾ തകർന്നത്, അച്ഛന്റെ മരണ ശേഷം ഉണ്ടായ പ്രതിസന്ധികൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ അങ്ങനെ പലതും നടിയുടെ ജീവിതത്തിൽ ഉണ്ടായി. എന്നാൽ ഇപ്പോൾ അതിനെയെല്ലാം മറികടന്ന് പതിയെ കരിയറിലേക്കും ജീവിതത്തിലേക്കും തിരിച്ചെത്തിയിരിക്കുകയാണ് നടി. മലയാളത്തിലും തമിഴിലുമായി ചില ചിത്രങ്ങൾ താരം അഭിനയിക്കുന്നുണ്ട്.

അതേസമയം, കൗമുദി ചാനലിന് ചാർമിള നൽകിയ ഒരു അഭിമുഖത്തിൽ നിന്നുള്ള ഭാഗം ഇപ്പോൾ ശ്രദ്ധനേടുകയാണ്. തന്റെ അടുത്ത് പണമില്ല എന്ന് പലരും പറയുന്നുണ്ട് എന്നാൽ അങ്ങനെയല്ല തനിക്ക് വേണ്ടി ചെലവാക്കുന്നില്ല എല്ലാം മകന് വേണ്ടിയാണു ചെലവാക്കുന്നത് എന്നാണ് താരം പറയുന്നത്. നേരത്തെ തനിക്കുണ്ടായിരുന്ന ധൂർത്തിനെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്.

ജീവിതത്തിൽ സംഭവിച്ച തെറ്റുകൾ തിരുത്താൻ അവസരം ലഭിച്ചാൽ എന്തൊക്കെയാവും തിരുത്തുക എന്ന കിടിലം ഫിറോസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചാർമിള. 'കൂടുതൽ കാശ് ചിലവാക്കുന്നത് ഒഴിവാക്കും. ഭയങ്കര ധൂർത്ത് ആയിരുന്നു. അന്ന് ചെലവാക്കുന്നത് ഓക്കെ ആയിരുന്നു. അച്ഛന്റെ കയ്യിൽ ഇഷ്ടംപോലെ കാശുണ്ട്. അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സ്റ്റാഫ് ആയിരുന്നു,'

'എന്റെ അനിയത്തി ഹോട്ടലിൽ ലോബി മാനേജർ മറ്റുമായിരുന്നു. അങ്ങനെ അവർക്കും പൈസ ഉണ്ടായിരുന്നു. പോയി അടിച്ചു പൊളിക്കെന്ന് പറഞ്ഞ് എല്ലാം അച്ഛൻ ചെയ്തിരുന്നു. അന്ന് 25,000 രൂപയുടെ പെർഫ്യൂം വരെ ഞാൻ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്,'

'അക്കാലത്ത് ദുബായിലോക്കെ പോകുമ്പോൾ ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന ആൾ ഞാനായിരിക്കും. ഒരു പരിപാടിക്ക് പോയാൽ മുഴുവൻ പൈസയും അവിടെ ചെലവാക്കിയിട്ടേ ഞാൻ വരൂ. അങ്ങനെ ചെലവാക്കിയതിൽ എനിക്ക് സന്തോഷമില്ല. ഞാൻ ഇപ്പോൾ ഒരു ഈശ്വര വിശ്വാസിയാണ്. ഇപ്പോൾ പള്ളിയിൽ ഒക്കെ പോകുമ്പോൾ നമ്മുക്ക് പലതും ചെയ്യാമായിരുന്നു എന്ന് തോന്നും,'

'പാവപ്പെട്ടവർക്ക് വേണ്ടി ഒരുപാട് പേര് ഓരോന്ന് ചെയ്യുന്നുണ്ട്. പള്ളിയിൽ നിന്ന് വരുമ്പോൾ കുറെ പേർ അവിടെ കാണുന്ന ഭിക്ഷക്കാർക്ക് പൈസ കൊടുക്കുന്നത് കാണാം. ഒരുപാട് പേർ അങ്ങനെ വരുമ്പോൾ ഞാൻ ചെയ്യുന്നുണ്ട്. അതുകൂടാതെ രക്ത ധാനമൊക്കെ ചെയ്യുന്നുണ്ട്,'

'എന്റടുത്ത് കാശില്ലെന്ന് പലരും പറയും. പക്ഷെ എനിക്ക് വേണ്ടി ഞാൻ ചെലവാക്കുന്നില്ല എന്നെ ഉള്ളു. വീട്ടിൽ എനിക്ക് അമ്മയെ നോക്കാൻ ഒരു നഴ്സ് ഉണ്ട്. മകന് വിദേശ ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ മാത്രം ഒരു കുക്ക് ഉണ്ട്. പിന്നെ സാധാരണ ജോലിക്കാരും. ഇവർക്കൊക്കെ സാലറി എത്രയാണെന്ന് അറിയോ. അപ്പോൾ എനിക്ക് വരുന്ന പണത്തിൽ കൂടുതലും അവർക്ക് ആണ് പോകുന്നത്,'

'ഇതൊക്കെ അത്യാവശ്യമുള്ള കാര്യങ്ങളാണ്. അത്യാവശ്യമില്ലെന്ന് പറയാൻ പറ്റില്ല. പിന്നെ ഞാൻ പൂർണമായും നോൺ വെജിറ്റേറിയൻ ആണ്. ചോർ തൊടില്ല, ഫിഷ് ഫ്രൈ, മട്ടൻ ഫ്രൈ ഇതൊക്കെ വേണം. ഇപ്പോൾ എന്റെ ഭക്ഷണ രീതിയൊക്കെ മാറി. എല്ലാം മകന് കൊടുക്കാനാണ് ശ്രദ്ധിക്കുന്നത്. നമ്മൾ ഇതൊക്കെ കടന്ന് വന്നതല്ലേ, അവൻ കഴിച്ചോട്ടെ എന്നാണ് കരുതുന്നത്. എനിക്ക് ഇഷ്ടമുണ്ടെങ്കിലും എല്ലാം എന്റെ മകനാണ് ആദ്യം കൊടുക്കുക,' ചാർമിള പറയുന്നു.