അന്ന് മകന്റെ പ്രായമുള്ള നിർമ്മാതാക്കൾ ഭീഷണിപ്പെടുത്തി, കൂടെ കിടക്കണമെന്ന് പറഞ്ഞു; ചാർമിള

  1. Home
  2. Entertainment

അന്ന് മകന്റെ പ്രായമുള്ള നിർമ്മാതാക്കൾ ഭീഷണിപ്പെടുത്തി, കൂടെ കിടക്കണമെന്ന് പറഞ്ഞു; ചാർമിള

charmila


തൊണ്ണൂറുകളിലും രണ്ടായിരത്തിലുമെല്ലാം നിറഞ്ഞു നിന്ന നടിയാണ് ചാർമിള. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട് ചാർമിള. വിവാഹത്തോടെയാണ് ചാർമിള സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നത്. ഓഫ് സ്‌ക്രീനിൽ ചാർമിളയുടെ ജീവിതം പ്രതിസന്ധികളും വിവാദങ്ങളും നിറഞ്ഞതായിരുന്നു.

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്ത് ചാർമിള അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. അതേസമയം ഒരിക്കൽ തനിക്കുണ്ടായ ദുരനുഭവം ചാർമിള വെളിപ്പെടുത്തിയിരുന്നു. ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ചാർമിള മനസ് തുറന്നത്. നിർമ്മാതാക്കൾ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചാർമിള വെളിപ്പെടുത്തിയത്. നായികയായിരുന്ന കാലത്ത് പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത അനുഭവമാണ് ഇന്നത്തെ കാലത്ത് നേരിടേണ്ടി വന്നതെന്നാണ് ചാർമിള പറയുന്നത്.

പതിമൂന്ന് വയസ് മുതൽ അഭിനയിച്ച തുടങ്ങിയതാണ് താൻ. 20 വയസിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും തന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല. പക്ഷെ ഇന്ന് 42 വയസാണ്. ഇപ്പോൾ എന്തുകൊണ്ടാണ് അവർ അങ്ങനെ സംസാരിച്ചതെന്ന് അറിയില്ലെന്നാണ് ചാർമിള പറയുന്നത്. കോഴിക്കോട് വച്ചായിരുന്നു മോശം അനുഭവമുണ്ടായതെന്നും ചാർമിള പറയുന്നു. മൂന്ന് പേരായിരുന്നു ആ സിനിമയുടെ നിർമ്മാതാക്കൾ. അവരുടെ പ്രായം 24-25 വരെയായിരുന്നുവെന്നും താരം ഓർക്കുന്നു.

വീട്ടിൽ വന്ന് കണ്ട് സംസാരിക്കുകയും അഡ്വാൻസ് തരികയും ചെയ്തു. അനുഗ്രഹം വാങ്ങുകയും ചെയ്താണ് പോയതെന്നും ചാർമിള പറയുന്നു. ബോംബെയിൽ നിന്നും വന്ന നടിയാണ് ചിത്രത്തിലെ നായിക. മറ്റൊരു പെൺകുട്ടിയും അഭിനയിക്കുന്നുണ്ട്. എന്നാൽ അവരോടൊന്നും മോശമായി പെരുമാറിയിരുന്നില്ലെന്നും ചാർമിള ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു ദിവസം അവർ തന്റെ മുറിയിലേക്ക് വരികയും തന്റെ മേക്കപ്പ് മാനോട് പുറത്തേക്ക് പോകാൻ പറഞ്ഞുവെന്നും ചാർമിള പറയുന്നു.

മൂന്ന് പേരിൽ ഒരാളുടെ കൂടെ കിടക്കണം എന്നതായിരുന്നു അവർ മുന്നോട്ട് വച്ച ആവശ്യം. ആരെ വേണമെന്ന് ചാർമിളയ്ക്ക് തിരഞ്ഞെടുക്കാമെന്നും അവർ പറഞ്ഞു. അല്ലാത്ത പക്ഷം ബാക്കി തരാനുള്ള പ്രതിഫലം തരില്ലെന്നും അവർ ഭീഷണിപ്പെടുത്തി. നിങ്ങളെന്താണ് ഇങ്ങനൊക്കെ പെരുമാറുന്നത്, എന്റെ മകന് നിങ്ങളുടെ പ്രായമാണ്, നിങ്ങളെന്നെ അമ്മയെ പോലെ കാണണമെന്ന് ചാർമിള പറഞ്ഞു. ഇങ്ങനെയാണെങ്കിൽ താൻ നാളെ മുതൽ ഷൂട്ടിന് വരില്ലെന്ന് പറഞ്ഞുവെന്നും ചാർമിള പറയുന്നു.

ഇതോടെ നിങ്ങൾക്ക് സ്ഥലം വിടാം, ഗെറ്റ് ഔട്ട് എന്ന് പറഞ്ഞ് എന്നെ പുറത്താക്കിയെന്നാണ് താരം വെളിപ്പെടുത്തുന്നത്. ശേഷം ഞാൻ എടിഎമ്മിൽ പോയി പൈസ എടുത്ത് പബ്ലിക് ബസിൽ കയറിയാണ് ചെന്നൈയിലേക്ക് പോയതെന്നും താരം പറയുന്നു. ഇതുപോലൊരു അനുഭവം തനിക്ക് ആദ്യമാണ്. നായിക ആയിരുന്നപ്പോൾ ഇങ്ങനെ ഒന്നും നടന്നിട്ടില്ലെന്നും താരം പറയുന്നു. മുമ്പൊന്നും ഇല്ലാതിരുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നതെന്നും താരം പറയുന്നു. ഇടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമായി മാറിയിരിക്കുകയാണ് ചാർമിള. മലയാളത്തിലും തമിഴിലുമെല്ലാം താരം അഭിനയിച്ചു.