തമിഴ് നടൻ സൂര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ചെന്നിത്തല ; 'ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യയിലെ സമർപ്പണം മനസിലാക്കാൻ'
തമിഴ് നടൻ സൂര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ. സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡൽഹി എയർപോർട്ടിൽ വെച്ചാണ് അദ്ദേഹം നടനെ കണ്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
‘
ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ! സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്. ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി. കുശലം പങ്കുവെച്ചു,’ രമേശ് ചെന്നിത്തല കുറിച്ചു.
കങ്കുവ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായാണ് സൂര്യ ഡൽഹിയിലെത്തിയത്. ഈ പ്രമോഷൻ പരിപാടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.
രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിൽ സൂര്യയെത്തുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് അദ്ദേഹത്തിനൊപ്പം ആദി നാരായണയും മദൻ ഗാർഗിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.