സൈബർ ക്രൈം ത്രില്ലർ 'അച്യുത അവതാരം'; മാളവിക നന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

  1. Home
  2. Entertainment

സൈബർ ക്രൈം ത്രില്ലർ 'അച്യുത അവതാരം'; മാളവിക നന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

crime thriller


കന്നഡയിലെ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'അച്യുത അവതാര'ത്തിന്റെ സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ഈ സൈബർ ക്രൈം ത്രില്ലർ ചിത്രം ഏറെ ആകാംക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. നായികയായ മാളവിക നന്ദനും ചുറ്റും സൈബർ കുറ്റകൃത്യങ്ങളുടെ വാർത്തകൾ നിറഞ്ഞ മൊബൈലുകളും ഉൾപ്പെടുത്തിയുള്ള വേറിട്ട പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

സൈബർ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. റെയ്റ വെഞ്ചേഴ്സിന്റെ ബാനറിൽ രമേശ സി., രുദ്രമൂർത്തി, രാജേഷ് ആർ. എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രശസ്ത നർത്തകിയും നടിയുമായ മാളവിക നന്ദനൊപ്പം 'കാന്താര' ഫെയിം അവിനാശ്, സീമ ജി. നായർ എന്നിവരും നിരവധി അന്യഭാഷാ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. മംഗലാപുരം, കാസർഗോഡ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം വരാനിരിക്കുന്ന മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും. പ്രസന്ന കുമാർ എം.എസ്. സംഗീതവും പവൻ പൂവയ്യ, മഹേഷ് തോട്ട എന്നിവർ എഡിറ്റിംഗും നിർവഹിക്കുന്നു. പി. ശിവപ്രസാദാണ് ചിത്രത്തിന്റെ പിആർഒ. സൈബർ ലോകത്തെ ചതിക്കുഴികളെ പ്രമേയമാക്കിയെത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.