പതിനെട്ടാം വയസ്സിലെ വിവാഹം എടുത്തുചാട്ടമായിരുന്നു; മകളുടെ വിവാഹം 28-ാം വയസ്സിലായിരുന്നു: ദേവി അജിത് പറയുന്നു

  1. Home
  2. Entertainment

പതിനെട്ടാം വയസ്സിലെ വിവാഹം എടുത്തുചാട്ടമായിരുന്നു; മകളുടെ വിവാഹം 28-ാം വയസ്സിലായിരുന്നു: ദേവി അജിത് പറയുന്നു

devi ajith


മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദേവി അജിത്. 2000 ൽ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് ദേവി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അങ്ങോട്ട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ ദേവി അഭിനയിച്ചു. 22-ാം വയസ്സിൽ നിർമാണത്തിലും കൈവെച്ചിരുന്നു താരം.

ട്രിവാൻഡ്രം ലോഡ്ജ്, ഇമ്മാനുവേൽ, സക്കറിയയുടെ ഗർഭിണികൾ, ആക്ഷൻ ഹീറോ ബിജു, ഫോറൻസിക്, തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച് സജീവമായി നിൽക്കുകയാണ് ദേവി അജിത് ഇപ്പോൾ. ഹെവൻ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിവയാണ് ദേവിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ.

അതേസമയം, ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് ദേവി അജിത്. ആദ്യ ഭർത്താവിന്റെ മരണം ഒക്കെ നടിയെ ഏറെ വേദനിപ്പിച്ച സംഭവങ്ങളാണ്. ദേവിക്ക് നന്ദന എന്നൊരു മകളാണ് ഉള്ളത്. അച്ഛനില്ലാത്ത കുറവ് അറിയിക്കാതെയാണ് ദേവി മകളെ വളർത്തിയത്. മകൾ വളർന്ന് പുറത്ത് പഠിക്കാൻ പോയതോടെയാണ് ദേവി രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ദേവി ചിന്തിച്ചത്. 2009ലായിരുന്നു വിവാഹം.

ഇപ്പോഴിതാ, പതിനെട്ടാം വയസ്സിലെ തന്റെ ആദ്യ വിവാഹം എടുത്ത്ചാട്ടമായിപ്പോയി എന്ന് പറയുകയാണ് ദേവി അജിത്. സീ ന്യൂസ് മലയാളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. തന്റെ അച്ഛനെ കുറിച്ചും തന്നെ വളർത്തിയ രീതിയെ കുറിച്ചുമെല്ലാം ദേവി സംസാരിക്കുന്നുണ്ട്. 

'പതിനെട്ടാം വയസിലെ വിവാഹം എടുത്ത്ചാട്ടമായിപ്പോയി. ആ ഒരു പ്രായം കടന്നു കിട്ടിയാൽ ചിലപ്പോൾ മാറ്റങ്ങൾ വന്നേക്കും. 18, 19, 20 എന്നൊക്കെ പറയുന്ന പ്രായത്തിലെ പ്രണയം നമുക്ക് എടുത്തുചാടി ഓരോന്ന് ചെയ്യാൻ തോന്നും. ഇപ്പോഴത്തെ കുട്ടികൾ ഒന്നും അങ്ങനെ ചെയ്യില്ല. എന്റെ മകൾ ഒക്കെ വിവാഹം കഴിക്കുന്നത് 28-ാം വയസ്സിലാണ്. എനിക്ക് അന്നും അഭിനയ മോഹം ഒക്കെ ഉണ്ടായിരുന്നു ,' ദേവി പറഞ്ഞു.

അധ്യാപകനായിരുന്നു പ്രൊഫ. രാമചന്ദ്രൻ നായരുടെ മകളാണ് ദേവി. അച്ഛന്റെ പേരിൽ തനിക്ക് പലപ്പോഴും പരിഗണന ലഭിച്ചിട്ടുണ്ടെന്ന് പറയുകയാണ് ദേവി ഇപ്പോൾ. 'രാമചന്ദ്രൻ സാറിന്റെ മകളെന്ന പരിഗണന എപ്പോഴും കിട്ടുമായിരുന്നു. രാഷ്ട്രീയക്കാരും, പോലീസുകാരും എല്ലാം അച്ഛന്റെ പരിചയക്കാർ ആയിരുന്നു. പുറത്തു പോകുമ്പോഴൊക്കെ വില കിട്ടാറുണ്ട്,'

'കുടുംബം ഓർത്തോഡോക്‌സ് ആയിരുന്നു. അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും അടുത്തുപോലും ഇരിക്കാൻ കഴിഞ്ഞിട്ടില്ല. ചേട്ടനെ ഹഗ് ചെയ്യുന്നത് തന്നെ ഒരു അഞ്ചുവർഷം മുൻപാണ്. പെൺകുട്ടികൾ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എയർഹോസ്റ്റസ് ആകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അത് വീട്ടുകാർ നടത്തി തന്നില്ല. നൃത്തത്തിനൊക്കെ വിടുമായിരുന്നു. വിവാഹം കഴിഞ്ഞ ശേഷമാണു കുറച്ചു ഫ്രീഡം കിട്ടുന്നത്,' ദേവി പറഞ്ഞു.

സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും ദേവി പറയുന്നുണ്ട്. 'ഉത്തര എന്ന മൂവി ഇറങ്ങിയ ശേഷം ഞാൻ ബ്രേക്ക് എടുത്തു. മോൾ ഒരു എട്ടിൽ ഒക്കെ ആയപ്പോഴേക്കും വീട്ടിൽ ഞാൻ വേണം എന്നുള്ളതുകൊണ്ട് ഒരു ബ്രേക്ക് എടുക്കുകയായിരുന്നു. ദുബായിൽ ആണ് പിന്നീട് ഞാൻ വർക്ക് ചെയ്തത്. പിന്നെ സെക്കൻഡ് മാര്യേജ് കഴിഞ്ഞശേഷമാണ് ഞാൻ ട്രിവാൻഡ്രം ലോഡ്ജിലൂടെ സിനിമയിലേക്ക് തിരിച്ചുവരുന്നത്. അത് ഭയങ്കര ഇഷ്ടമുള്ള മൂവി ആയിരുന്നു. അതിലൂടെ തിരിച്ചുവരാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്', ദേവി പറഞ്ഞു.