ഫഹദ് ക്ലാസ്‌മേറ്റാണ്, സിനിമയിൽ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി: ദേവി ചന്ദന പറയുന്നു

  1. Home
  2. Entertainment

ഫഹദ് ക്ലാസ്‌മേറ്റാണ്, സിനിമയിൽ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി: ദേവി ചന്ദന പറയുന്നു

devi


സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് ദേവി ചന്ദന. മികച്ച നർത്തകി കൂടിയാണ് താരം. മലയാളത്തിലെ പല നായികമാരെയും പോലെ കലോത്സവ വേദികളിൽ തിളങ്ങിയ ശേഷമാണ് ദേവി ചന്ദന സിനിമയിലേക്ക് എത്തുന്നത്. പിന്നീടാണ് സീരിയലുകളിൽ സജീവമാകുന്നത്. ഏകദേശം നാൽപതോളം സിനിമകളിലും ഇരുപത്തിയഞ്ചിലധികം സീരിയലുകളിലും ദേവി ചന്ദന അഭിനയിച്ചു. നിരവധി കോമഡി ഷോകളിലും താരം തിളങ്ങിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും യൂട്യൂബിലുമെല്ലാം സജീവമാണ് നടി. ഭർത്താവിനൊപ്പമുള്ള ദേവി ചന്ദനയുടെ യൂട്യൂബ് വ്‌ലോഗുകളൊക്കെ ശ്രദ്ധ നേടാറുണ്ട്. ഗായകനായ കിഷോർ വർമയാണ് ദേവിയുടെ ഭർത്താവ്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ജീവിതത്തിലെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കുവച്ച് ദേവിയും കിഷോറും എത്താറുണ്ട്. ഇവരുടെ വീഡിയോകൾക്കെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്.

ഇന്ന് സിനിമകളേക്കാളേറെ ടെലിവിഷനിലാണ് ദേവി ചന്ദന സജീവമായി നിൽക്കുന്നത്. എന്നാൽ സിനിമയിൽ നല്ല സൗഹൃദങ്ങൾ താരത്തിനുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിൽ തന്റെ ക്ലാസ്‌മേറ്റ് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മൈൽസ്റ്റോൺ മേക്കേഴ്സ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ തന്റെ സൗഹൃദങ്ങളെ കുറിച്ച് പറയുന്നതിനിടെയാണ് ദേവി ചന്ദന ഫഹദിനെ കുറിച്ചും സംസാരിച്ചത്.

എല്ലാം മുഖത്തടിച്ച് പറയുന്ന ആളായത് കൊണ്ട് തന്റെ ഫ്രണ്ട്‌സ് സർക്കിൾ വളരെ ചെറുതാണെന്ന് ദേവി ചന്ദന പറയുന്നു. 'ചില കാര്യങ്ങൾ ഓപ്പണായി പറയുമ്പോൾ ചിലർക്ക് അത് ഇഷ്ടമാകില്ല. അതുപോലെ ഒന്നും ഫോളോ അപ്പ് ചെയ്യാത്ത ആളാണ്. സ്ഥിരം മെസേജ് അയക്കുകയോ വിളിക്കുകയോ ഒന്നും ചെയ്യില്ല. അതൊക്കെ വളരെ അപൂർവ്വമായിട്ടേ ഉണ്ടാകാറുള്ളൂ',

'പക്ഷേ അങ്ങനെ ആയിട്ടും ഉള്ള ഫ്രണ്ട്‌സ് എല്ലാം വളരെ അടുത്ത സുഹൃത്തുക്കളാണ്. എനിക്ക് ഉള്ള സുഹൃത്തുക്കളൊക്കെ എല്ലാ കാലവും കൂടെയുണ്ടാകും എന്ന ധൈര്യം എനിക്കുണ്ട്. വർഷങ്ങളായി കാണാത്ത സുഹൃത്തുക്കൾ വരെയുണ്ട്. ഇപ്പോൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളൊക്കെ വന്നത് കൊണ്ട് പഴയ കുറെ സുഹൃത്തുക്കളെയൊക്കെ കിട്ടി. ഞാൻ എൽകെജി മുതൽ ഒമ്പത് വരെ ഒരേ സ്‌കൂളിൽ ആയിരുന്നു. ആ സുഹൃത്തുക്കളെയൊക്കെ കിട്ടി', ദേവി ചന്ദന പറഞ്ഞു.

'ഫഹദ് എന്റെ ക്ലാസ്‌മേറ്റ് ആയിരുന്നു. മൂന്നാം ക്ലാസ് വരെ ഞങ്ങൾ ഒരേ ക്ലാസ്സിലാണ് പഠിച്ചത്. ഞങ്ങളുടെ വ്‌ലോഗിൽ ഇത് പറഞ്ഞിട്ടുണ്ട്. കെജി മുതൽ മൂന്നാം ക്ലാസ് വരെയാണ്. അത് കഴിഞ്ഞ് ഫഹദ് സ്‌കൂൾ മാറി. അതുകഴിഞ്ഞ് ഫാസിൽ സാർ സംവിധാനം ചെയ്ത തമിഴ് പടം കണ്ണുക്കുൾ നിലവിൽ ഞാൻ അഭിനയിച്ചിരുന്നു. ഫാസിൽ സാറും ഭാര്യയും ഞങ്ങളുടെ വിവാഹത്തിനും വന്നിരുന്നു',

'കുട്ടി ഫഹദ് ഭയങ്കര നാണക്കാരനായിരുന്നു. സിനിമയിൽ അഭിനയിക്കുന്നു എന്ന് അറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. സാറിന്റെ പടത്തിൽ ഞാൻ അഭിനയിക്കുമ്പോൾ സാറിന്റെ വീട്ടിൽ ഷൂട്ട് ഉണ്ടായിരുന്നു. ആ ഷൂട്ടിന്റെ ഇടയിൽ ഫഹദ് ക്ലാസ്മേറ്റ് ആയിരുന്നിട്ടും വന്ന് ഒരു ഹായ് പറഞ്ഞ് പോവുകയേ ചെയ്തിരുന്നുള്ളു. വളരെ സൈലന്റായ, ഷൈ ആയ ആളായിരുന്നു. പക്ഷേ ഓൺസ്‌ക്രീൻ വന്നപ്പോൾ ഞെട്ടിച്ചു',

'ആദ്യത്തെ വരവ് അത്ര സക്‌സസ് ആയിരുന്നിലെങ്കിലും കംബാക്കിൽ ഭയങ്കരമായി ഞെട്ടിച്ചു. പിന്നീടും ഞങ്ങൾ കണ്ടിരുന്നു. വളരെ സന്തോഷമാണ്. ഭയങ്കര അഭിമാനം തോന്നിയ മോമെന്റാണ്. നമ്മുടെ കൂടെ പടിച്ചൊരാൾ അത്രയും ഉയരത്തിൽ എത്തിയെന്ന് പറയുമ്പോൾ ഒത്തിരി സന്തോഷമാണ്', ദേവി ചന്ദന പറഞ്ഞു.