ധുരന്ധർ 2 സെൻസർ വിവരങ്ങൾ പുറത്ത്; 21 കട്ടുകൾ, നോട്ട് നിരോധന തീയതി മാറ്റാൻ നിർദ്ദേശം

  1. Home
  2. Entertainment

ധുരന്ധർ 2 സെൻസർ വിവരങ്ങൾ പുറത്ത്; 21 കട്ടുകൾ, നോട്ട് നിരോധന തീയതി മാറ്റാൻ നിർദ്ദേശം

dhurandhar 2


ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രൺവീർ സിങ് ചിത്രം 'ധുരന്ധർ 2: ദ റിവഞ്ച്' (Dhurandhar 2: The Revenge) സെൻസർ നടപടികൾ പൂർത്തിയാക്കി. ചിത്രത്തിന് സെൻസർ ബോർഡ് 'A' സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. സിനിമയിലെ അമിതമായ അക്രമ ദൃശ്യങ്ങളും സംഭാഷണങ്ങളും ഉൾപ്പെടെ 21 മാറ്റങ്ങളാണ് ബോർഡ് നിർദ്ദേശിച്ചത്. ഏകദേശം 1 മിനിറ്റ് 34 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ചിത്രത്തിൽ നിന്ന് വെട്ടിമാറ്റിയിട്ടുണ്ട്.

തലയറുക്കുന്നതും ചുറ്റികയും സിമന്റ് കട്ടകളും ഉപയോഗിച്ചുള്ള ക്രൂരമായ അക്രമ രംഗങ്ങളും ഒഴിവാക്കാൻ ബോർഡ് കർശന നിർദ്ദേശം നൽകി. കൂടാതെ, സബ്ടൈറ്റിലുകളിൽ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട തീയതികൾ തിരുത്താനും അസഭ്യ വാക്കുകൾ മ്യൂട്ട് ചെയ്യാനും നിർദ്ദേശമുണ്ട്. പ്രധാനമന്ത്രിയുടെ പരാമർശങ്ങളും വാർത്താ ദൃശ്യങ്ങളും ഉപയോഗിക്കുന്നതിനായി അണിയറപ്രവർത്തകർ ഔദ്യോഗിക അനുമതി പത്രം സമർപ്പിച്ചു. 3 മണിക്കൂർ 49 മിനിറ്റാണ് ചിത്രത്തിന്റെ ആകെ ദൈർഘ്യം.

അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്മാൻ ഡകെയ്ത്തിന്റെ മരണശേഷം പാകിസ്താനിലെ അധോലോക-രാഷ്ട്രീയ മേഖലകളിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന 'ഹംസ' എന്ന രൺവീർ സിങ് കഥാപാത്രത്തെയാണ് രണ്ടാം ഭാഗം അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറാ അർജുൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആദിത്യ ധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മിക്കുന്നത്.

ശനിയാഴ്ച ആരംഭിച്ച അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഇതിനോടകം 130 കോടി രൂപ കളക്ഷൻ നേടി ചരിത്രം കുറിച്ചു. ഈ മാസം 19-ന് ചിത്രം തിയേറ്ററുകളിലെത്തും. റിലീസിന് തലേദിവസം (ബുധനാഴ്ച) പെയ്ഡ് പ്രിവ്യൂ ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.