ചെലവുകളൊക്കെ നോക്കിയത് അച്ഛനും ചേട്ടനും; സ്വന്തം കല്യാണമാണെങ്കിലും ആരും എന്നെ വിളിച്ചില്ല: ധ്യാന്‍

  1. Home
  2. Entertainment

ചെലവുകളൊക്കെ നോക്കിയത് അച്ഛനും ചേട്ടനും; സ്വന്തം കല്യാണമാണെങ്കിലും ആരും എന്നെ വിളിച്ചില്ല: ധ്യാന്‍

dhyan


നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ സിനിമകളെക്കാളും അഭിമുഖമാണ് ഹിറ്റാവാറുള്ളതെന്ന് നടനും സമ്മതിച്ച കാര്യമാണ്. മാത്രമല്ല ഉത്തരവാദിത്തങ്ങള്‍ ഒന്നുമില്ലാതെ തമാശ കളിച്ചു നടക്കുന്ന സ്വഭാവം തനിക്കുണ്ടെന്ന് ധ്യാന്‍ പറയാറുണ്ട്. അങ്ങനെ തന്റെ വിവാഹത്തിന് പോലും കൃത്യ സമയത്ത് എത്താത്തതിനെ കുറിച്ച് ധ്യാന്‍ പറഞ്ഞ കഥകള്‍ മുന്‍പ് വൈറലായിരുന്നു. കണ്ണൂര്‍ വെച്ച് നടത്തിയ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവാത്തതും ഭാര്യയായ പെണ്‍കുട്ടി വിളിച്ചതിനു ശേഷമാണ് താന്‍ അവിടേക്ക് പോയതെന്നും താരം പറഞ്ഞു.

അന്ന് ശരിക്കും നടന്നതെന്താണെന്ന് വീണ്ടും ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ധ്യാന്‍ വെളിപ്പെടുത്തുകയാണ്. 'കല്യാണം കണ്ണൂര് വെച്ചാണ്. തലേന്ന് രാത്രി വരെ ഞാന്‍ കൊച്ചിയിലാണ്. അവിടെ കൂട്ടുകാരുടെ കൂടെ ഇരുന്ന് ചീട്ട് കളിക്കുകയായിരുന്നു. കല്യാണത്തിന്റെ കാര്യം മറന്ന് പോയതല്ല. എന്നെ ആരും വിളിച്ചില്ലെന്നതാണ് സത്യം.

എന്നെ വിളിച്ചില്ലെന്ന് മാത്രമല്ല ഞാനങ്ങ് വരുമെന്ന് എല്ലാവരും കരുതി. അമ്മയും അച്ഛനും നേരത്തെ അവിടെ എത്തി. ഈ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്തെങ്കിലും എന്നോട് ആരും സംസാരിച്ചിട്ടില്ല. ശരിക്കും എന്നെ കല്യാണം കഴിപ്പിച്ച് വിടുകയായിരുന്നു. കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചത് ഞാനാണ്. വീട്ടില്‍ പറഞ്ഞതും ഞാന്‍ തന്നെയാണ്. പക്ഷേ അവസാന ദിവസം വരെയും ഇക്കാര്യം പറഞ്ഞ് ആരും എന്നെ വിളിക്കുന്നില്ല.

കല്യാണക്കത്ത് അടിച്ചത് മുതല്‍ എല്ലാ ചെലവുകളും അച്ഛനും ചേട്ടനും കൂടിയാണ് ചെയ്തത്. ഒരു ഇന്‍വെസ്റ്റ്‌മെന്റ് പോലും എനിക്ക് വേണ്ടി വന്നില്ല. അങ്ങനെ കല്യാണത്തിന്റെ തലേന്ന് രാത്രി മാമാനാണ് ആദ്യം വിളിക്കുന്നത്. അമ്മ പോലും എന്നെ വിളിച്ചില്ല. അച്ഛന്‍ പിന്നെ വിളിക്കാറേയില്ലേ. സ്വന്തം കല്യാണമല്ലേ, വരുമെന്ന് അവരും കരുതി.

പിന്നെ നട്ടപ്പാതിരയായപ്പോള്‍ ഭാര്യ തന്നെ ദേഷ്യത്തില്‍ വിളിച്ചു. 'ഞങ്ങളെയൊക്കെ ഇവിടെ വിളിച്ച് വരുത്തിയിട്ട് താന്‍ വരുന്നുണ്ടോ' എന്നായിരുന്നു അവളുടെ ചോദ്യം. ചൂടാവേണ്ട, വരുമെന്നും പറഞ്ഞു. അന്ന് രാത്രി ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായി. അന്ന് വലിയ മഴ പെയ്തു. പിന്നെ അവിടെയുള്ള കൂട്ടുകാരുടെ കൂടെയും കമ്പനി കൊടുക്കാന്‍ പോയി.

ആ രാത്രിയില്‍ ഒട്ടും ഉറങ്ങിയില്ല. നേരെ കല്യാണത്തിന് ചെല്ലുമ്പോള്‍ അവിടെ എല്ലാം സെറ്റാക്കി ആളുകളൊക്കെ ഉണ്ട്. ഞാന്‍ വന്ന ഉടനെ അച്ഛന്‍ സ്‌റ്റേജിലേക്ക് വിളിച്ച് കയറ്റി, ഉടനെ കല്യാണവും കഴിഞ്ഞെന്ന് ധ്യാന്‍ പറയുന്നു