'അപ്പു നന്നായി പുകവലിക്കുന്ന ഒരാളാണ്, ഞങ്ങളെ അടുപ്പിച്ചത് അതാണ്'; ധ്യാൻ ശ്രീനിവാസൻ

  1. Home
  2. Entertainment

'അപ്പു നന്നായി പുകവലിക്കുന്ന ഒരാളാണ്, ഞങ്ങളെ അടുപ്പിച്ചത് അതാണ്'; ധ്യാൻ ശ്രീനിവാസൻ

DHAYAN


പ്രണവ് മോഹൻലാലിനെയും ധ്യാൻ ശ്രീനിവാസനെയും ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ കാണാം എന്ന സന്തോഷമാണ് വർഷങ്ങൾക്കുശേഷം എന്ന് സിനിമയ്ക്കായി കാത്തിരിക്കുന്നവർക്കുള്ളത്. വർഷങ്ങൾക്കുശേഷം സിനിമയുടെ ട്രെയിലറിലും പ്രണവിന്റെയും ധ്യാനിന്റെയും ഗംഭീര പ്രകടനം കാണാമായിരുന്നു. ഇപ്പോഴിതാ മനോഹരമ ഓൺലൈനിന് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖം നൽകിയിരിക്കുകയാണ് വിനീതും ധ്യാനും നിർമാതാവ് വിശാഖും. 

ലൊക്കേഷനിൽ താനും പ്രണവും തമ്മിൽ ബോണ്ടുണ്ടായത് ഒരുമിച്ച് സിഗരറ്റ് വലിക്കാൻ തുടങ്ങിയപ്പോൾ മുതലാണെന്നാണ് ധ്യാൻ പറയുന്നത്. പൊതുവെ അന്തർമുഖനാണ് പ്രണവ് മോഹൻലാൽ. താരപുത്രനാണെങ്കിലും സിനിമ പ്രണവിന്റെ ബക്കറ്റ് ലിസ്റ്റിലില്ല. യാത്രകളും സംഗീതവുമാണ് ഹരം. അതുകൊണ്ട് തന്നെ പ്രണവിനെ കുറിച്ച് അറിയണമെങ്കിൽ വിനീതോ കല്യാണിയോ വിശാഖോ ധ്യാനോ പിതാവ് മോഹൻലാലോ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടണം.

ഇന്നേവരെ ഒരു സിനിമയുടെ പ്രമോഷനും പ്രണവ് വന്നിട്ടില്ല. ധ്യാനിന്റെ വാക്കുകളിലൂടെ... 'അപ്പു അധികം സംസാരിക്കില്ല.... അപ്പുവിന്റേതായ സോണിൽ നിൽക്കുന്നയാളാണ് എന്നൊക്കെ എല്ലാവരും പറഞ്ഞ് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഷൂട്ടിന്റെ തുടക്കം മുതൽ തന്നെ ആവശ്യമില്ലാത്തതും ഉള്ളതുമായ കാര്യങ്ങൾ പറഞ്ഞ് നമ്മൾ എന്താണെന്ന് അപ്പുവിനെ ആദ്യമെ അറിയിച്ചിരുന്നു.'

'അങ്ങനെ അപ്പുവും അതിലോട്ടായി. മാത്രമല്ല അവന്റെ പല പേഴ്‌സണൽ കാര്യങ്ങളും എന്നോട് ഷെയർ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരുമിച്ച് വർക്ക് ചെയ്യാൻ കുറച്ചുകൂടി ഈസിയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഞങ്ങൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പുണ്ടായി. അതുകൊണ്ട് പെർഫോം ചെയ്യുമ്പോൾ ഒരു ഗിവ് ആന്റ് ടേക്കുണ്ടായിരുന്നു. നാച്വറലി വന്നതാണ്. അതിനുകാരണം ഓഫ് സ്‌ക്രീനിലുള്ള കണക്ഷനാണ്.'

'ഷാരൂഖ് ഖാൻ പറയുന്നത് പോലെ കോഫി, കോൺവർസേഷൻ, സിഗരറ്റാണ് ഞങ്ങളേയും അടുപ്പിച്ചത്. സംസാരം, ചായ, സിഗരറ്റ് ശരിക്കും ചെന്നൈ കൾച്ചറാണ്. അപ്പു നന്നായി പുകവലിക്കുന്ന ഒരാളാണ്. ഞാനും നന്നായി പുകവലിക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ഷൂട്ടിനിടയിലെ ബ്രേക്കിൽ സിഗരറ്റ് വലിക്കുമ്പോഴൊക്കെ ഞങ്ങൾ ചർച്ചകൾ നടത്താറുണ്ട്.'

'സിനിമയെ കുറിച്ചല്ല മറ്റ് പല കാര്യങ്ങളുമാണ് ചർച്ച. അഭിനയിക്കുമ്പോൾ അഭിനയിക്കുകയാണെന്ന ഫീലിങ് ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. അതുപോലെ അടുത്തിടെ പുറത്തുവിട്ട ഈ സിനിമയുടെ ഒരു പോസ്റ്ററിൽ ഞാനും അപ്പുവും സിഗരറ്റ് വലിച്ച് ചായയും കുടിച്ച് ഇരിക്കുന്നതായി കാണാം. അത് ഫോട്ടോയ്ക്കായി ഞങ്ങൾ പോസ് ചെയ്തതല്ല. ഞങ്ങൾ സിഗരറ്റ് വലിച്ച് ഇരിക്കുന്ന സമയത്ത് ക്രൂ സ്റ്റിൽ എടുത്ത് പോസ്റ്ററാക്കിയതാണ്.'

'ഏട്ടനെ കാണാതെ മാറി നിന്നാണ് ഞാൻ സിഗരറ്റ് വലിക്കാറുള്ളത്. അപ്പുവിന് അതൊന്നും പ്രശ്‌നമല്ല. പക്ഷെ എനിക്ക് പ്രശ്‌നമായതുകൊണ്ട് അപ്പുവിനെയും കൊണ്ട് ഞാൻ മാറി നിൽക്കും', എന്നാണ് ധ്യാൻ പറഞ്ഞത്. തന്റെ മുന്നിൽ നിന്ന് ധ്യാൻ സിഗരറ്റ് വലിക്കാത്തത് മറ്റൊന്നും കൊണ്ടല്ല. കണ്ടാൽ താൻ എന്തിനാണ് വലിക്കുന്നതെന്ന് ചോദിക്കും. ആ ചോദ്യം കേൾക്കാൻ ധ്യാനിന് ഇഷ്ടമല്ലാത്തതുകൊണ്ടാണെന്നാണ് വിനീത് മറുപടിയായി പറഞ്ഞത്. വർഷങ്ങൾക്കുശേഷം സിനിമയിൽ ധ്യാനിനും പ്രണവിനും പുറമെ നിവിൻ, കല്യാണി, ബേസിൽ, അജു വർഗീസ് തുടങ്ങി വൻതാര നിര തന്നെ അണിനിരക്കുന്നുണ്ട്.