'ആ ഗായകന്റെ പാട്ട് ലഭിക്കാൻ എംജി ശ്രീകുമാർ ശ്രമിച്ചു'; കണ്ണീർ പൂവ് പിറന്നതിന് പിന്നിലെ കഥ; ദിനേശ് പണിക്കർ

  1. Home
  2. Entertainment

'ആ ഗായകന്റെ പാട്ട് ലഭിക്കാൻ എംജി ശ്രീകുമാർ ശ്രമിച്ചു'; കണ്ണീർ പൂവ് പിറന്നതിന് പിന്നിലെ കഥ; ദിനേശ് പണിക്കർ

mg


മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്തതാണ് കിരീടം സിനിമയിലെ കണ്ണീർ പൂവിന്റെ എന്ന ഗാനം. ഇപ്പോഴിതാ ഈ ഗാനത്തെക്കുറിച്ചുള്ള ഒരു അറിയാക്കഥ പങ്കു വെച്ചിരിക്കുകയാണ് സിനിമ നിർമ്മിച്ച ദിനേശ് പണിക്കർ.

മോഹൻലാലിന്റെ ശബ്ദമായി ആളുകൾ കാണുന്നത് എപ്പോഴും എംജി ശ്രീകുമാറിനെ ആണ്. ചിത്രം വലിയ ഹിറ്റായ സമയം. അപ്പോഴാണ് കിരീടത്തിന്റെ റെക്കോഡിങിലേക്ക് കടക്കുന്നത്. അന്ന് അദ്ദേഹത്തിനുണ്ടായ തോന്നലുകൾ വളരെ വ്യക്തമായി അടുത്തിടെ ഒരു ലേഖനത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു.

'കേരളത്തിലേക്ക് ഞാൻ ചെറുപ്പത്തിൽ താമസം മാറിയപ്പോൾ എനിക്ക് കിട്ടിയ അടുത്ത സുഹൃത്താണ് ബാല ഗോപാലൻ തമ്പി എന്ന മിടുക്കൻ. ഇങ്ങനെ വേണം പാട്ട് പാടാൻ എന്ന് ചെറുപ്പത്തിൽ കണ്ട് പഠിച്ചത് തമ്പിയിൽ നിന്നാണ്. എട്ടാം ക്ലാസ് ആയപ്പോഴേക്കും ഞങ്ങൾ സ്‌കൂൾ മാറി. പിന്നീട് ഒരു കോൺടാക്ടും ഉണ്ടായില്ല'

'കിരീടം എന്ന സിനിമ നിർമ്മിക്കുമ്പോൾ എന്റെ മനസ്സിൽ ഒരു ആഗ്രഹം. തമ്പിയുടെ നമ്പർ തിരഞ്ഞ് ഞാൻ വിളിച്ചു. തമ്പിക്ക് ഒരു പാട്ട് തരുന്നെന്ന് പറഞ്ഞു'

'അദ്ദേഹത്തിന് വളരെ സന്തോഷം ആയി. അങ്ങനെയാണ് കിരീടത്തിൽ ഒരു പാട്ട് പാടാൻ തമ്പി വരുന്നത്. പാട്ട് റെക്കോഡ് ചെയ്യാനായി ഞാനും ഉണ്ണിയും സിബിയും കുടുംബ സമേതം ചെന്നൈയിലേക്ക് പോയി. പ്രസാദ് സ്റ്റുഡിയോയിൽ വെച്ചാണ് റെക്കോഡിംഗ് നടക്കുന്നത്. ആദ്യം തമ്പിയുടെ പാട്ട് പാടിക്കാനാണ് ഉദ്ദേശിച്ചത്. മെലഡി പാട്ടാണ്. തമ്പി പാടുന്നത് കേട്ടാണ് എംജി ശ്രീകുമാർ വരുന്നത്. കേട്ട് കഴിഞ്ഞപ്പോഴേക്കും എംജിയുടെ മനസ്സിൽ ഒരു തോന്നൽ'

'സിനിമയിൽ പലപ്പോഴും ഹിറ്റ് ആവുന്നത് മെലഡി ഗാനങ്ങൾ ആണ്. എന്നാൽ ശ്രീകുമാറിന് കിട്ടിയിരിക്കുന്നത് കണ്ണീർ പൂവെന്ന പാട്ടാണ്. പുള്ളി മനസ്സിൽ വന്ന ആഗ്രഹം ഞങ്ങളുടെ അടുത്തൊക്കെ പ്രകടിപ്പിച്ചു. പക്ഷെ ഞാൻ വളരെ സ്‌ട്രോങ് ആയി നിന്നു. ആ പാട്ട് എന്റെ സുഹൃത്തായ തമ്പി തന്നെ പാടണം എന്ന്. തമ്പി ആ പാട്ട് പാടി. മേടപ്പൊന്നോണം എന്ന പാട്ട്. അതിന് ശേഷം എംജി ശ്രീകുമാറിന്റെ ഊഴം ആയി'

'അതിമനോഹരമായി എംജി ശ്രീകുമാർ പാടി. സ്റ്റേറ്റ് അവാർഡ് വരെ ആ പാട്ടിന് ലഭിച്ചു. പുള്ളിയുടെ തോന്നൽ മെലഡി പാടിയാലാണ് കുറച്ച് കൂടെ എഫക്ട് കിട്ടുക എന്നായിരുന്നു'

'ഇപ്പോൾ തന്നെ പലരും ചോദിക്കും കിരീടത്തിൽ രണ്ട് പാട്ടുണ്ടോ എന്ന്. ഞങ്ങളന്ന് ചിന്തിച്ചത് മോഹൻലാലിന്റെയും പാർവതിയുടെയും പ്രണയം കുറച്ച് പൊലിപ്പിക്കാൻ ഈ പാട്ട് കൂടി വന്നാൽ നന്നാവും എന്നാണ്. തമ്പിയുടെ തലയിലെഴുത്ത് മോശമായത് കൊണ്ടാവാം'

'എംജിയുടെ തലയിലെഴുത്ത് നല്ലത് ആയത് കൊണ്ടാവാം ഇങ്ങനെയൊക്കെ സംഭവിച്ചത്. അസാധ്യമായ കഴിവുള്ള തമ്പി വിചാരിച്ച ലെവലിൽ എത്തിയില്ല. അതിന് ശേഷം ഞാൻ നിർമ്മിച്ച ചെപ്പു കിലുക്കണ ചങ്ങാതി എന്ന സിനിമയിലും പാട്ട് പാടി'

'അസാധ്യമായ പാട്ട് ആയിരുന്നു. രാധിക തിലക് ആണ് കൂടെ പാടിയത്. സിനിമാ മേഖലയുമായി ബന്ധം വന്ന ശേഷം തമ്പി നെറ്റിപ്പട്ടം എന്ന സിനിമ നിർമ്മിച്ചു. പക്ഷെ ആ സിനിമ നഷ്ടക്കച്ചവടം ആയിരുന്നു. പിന്നീട് മമ്മൂട്ടിയുടെ ലോകപര്യടനം ഷോയിൽ മെയിൻ സിംഗറായി പോയത് തമ്പി ആയിരുന്നു. പക്ഷെ തമ്പി അധികം സംസാരിക്കാതെ ഉൾവലിഞ്ഞ് നിൽക്കുന്ന പ്രകൃതക്കാരൻ ആയതിനാൽ മമ്മൂക്കയുടെ കൂടെ പോവാൻ അവസരം കിട്ടിയിട്ടും ഉപയോഗിക്കാൻ കഴിഞ്ഞില്ല. എംജി ശ്രീകുമാറിന്റെ തലയിലെഴുത്ത് കുതിച്ചുയരുമ്പോൾ തമ്പിയുടെ തലവര താഴ്ന്ന് പോയി'