സിൽക്ക് സ്മിത വിചാരിക്കുന്ന പോലെയല്ല, ഞാൻ ശരിക്കും അനുഭവിച്ചിട്ടുണ്ട്; ഡിസ്കോ രവീന്ദ്രൻ

  1. Home
  2. Entertainment

സിൽക്ക് സ്മിത വിചാരിക്കുന്ന പോലെയല്ല, ഞാൻ ശരിക്കും അനുഭവിച്ചിട്ടുണ്ട്; ഡിസ്കോ രവീന്ദ്രൻ

silk


ഒരുകാലത്ത് തെന്നിന്ത്യയെ മുഴുവൻ ആവേശം കൊള്ളിച്ച നടിയാണ് സിൽക്ക് സ്മിത. അവരോടൊപ്പം ഒന്നിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് ഡിസ്കോ രവീന്ദ്രൻ. ഒരുകാലത്ത് ഡാൻസിലൂടെ തെന്നിന്ത്യയിലെ യുവാക്കളുടെ ആവേശമായി മാറിയിരുന്ന നടൻ ഇപ്പോഴിതാ, സിൽക്ക് സ്മിതയ്ക്ക് ഒപ്പം അഭിനയിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. വിശദമായി വായിക്കാം. 'ഞാൻ സിൽക്കിനൊപ്പം മാത്രമല്ല, ജയമാലിനി മുതൽ സേതു ലക്ഷ്മി, ഡിസ്കോ ശാന്തി, കൽപന അയ്യർ തുടങ്ങി സൗത്ത് ഇന്ത്യയിൽ അക്കാലത്ത് ഡാൻസ് ചെയ്തിരുന്ന എല്ലാ നടിമാർക്ക് ഒപ്പവും ഞാൻ ഡാൻസ് ചെയ്‌തിട്ടുണ്ട്. അവരെ ഐറ്റം ഡാൻസർ എന്ന് വിളിക്കരുത്. ഞാനും അതിന്റെ ഭാഗമായിരുന്ന ആളാണ്. സിൽക്കുമായി ഞാൻ രണ്ടു സിനിമകൾ ചെയ്തിട്ടുണ്ട്. അതിൽ ഒന്ന് ഹിറ്റായിരുന്നു,'

'സിൽക്ക് തീർത്തു വ്യത്യസ്തയാണ്. അവൾ ഒന്നും ചെയ്യണ്ട, ചെയ്യാതെ തന്നെ ഭയങ്കര ആകർഷണമാണ്. ഏറ്റവും കൂടുതൽ ടെൻഷൻ എനിക്ക് സിൽക്കിന്റെ കൂടെ ഡാൻസ് ചെയ്യുമ്പോൾ ആണ്. സിൽക്ക് അങ്ങനെ ഭയങ്കര ഡാൻസർ ഒന്നുമല്ല. പക്ഷെ ഭയങ്കരമായി ആകർഷിക്കാൻ കഴിവുള്ള ആളാണ്. ആ കണ്ണുകൾ കൊണ്ട് പോലും ആകർഷിക്കാൻ ആവും. ആളുകൾക്ക് ഭയങ്കര ആരാധനയാണ് അവളോട്,'

'ആളുകൾ വാ പൊളിച്ച് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ ഒരുത്തൻ അവിടെ നിൽക്കുന്നതൊന്നും ആളുകൾ കാണില്ല. മജീഷ്യൻ സ്റ്റേജിലൂടെ ആനയെയും കൊണ്ട് പോകുന്നത് പോലെയാണ്. നമ്മൾ എന്തൊക്കെ ചെയ്താലും അവർ സിൽക്കിനെ നോക്കി വാ പൊളിച്ച് നിൽക്കുകയായിരിക്കും. നമ്മളെ ശ്രദ്ധിക്കാൻ ആഞ്ഞു കിടന്ന് പ്രവർത്തിക്കണം നമ്മൾ. ഒരു മൂവ്‌മെന്റ് ഒക്കെ ഡബിൾ ആയിട്ട് വേണം ചെയ്യാൻ,'

'നമ്മൾ പ്രാക്ടീസിന്റെ സമയത്ത് ഡാൻസ് ചെയ്തോണ്ട് ഇരിക്കുമ്പോൾ ഭയങ്കര മൂവേമെന്റ്സ് ആണെങ്കിൽ അപ്പോൾ പറയും, സാറേ.. ഈ മൂവ്മെന്റ് മാറ്റണമെന്ന്. അവളത് മനഃപൂർവം ചെയ്യുന്നതാണെന്ന് തോന്നിയിട്ടുണ്ട്. സിൽക്ക് വന്ന് ആ ഡ്രെസ് മാറ്റി, ബിക്കിനി പോലത്തെ ഡ്രസ്സുമിട്ടാൽ പിന്നെ ഒരു മനുഷ്യൻ നമ്മളെ നോക്കില്ല. വാ പൊളിച്ചിരിക്കും. അവിടെ നമ്മുടെ ഗ്യാസ് പോകും,'

'നിങ്ങൾ വിചാരിക്കുന്ന പോലെയല്ല സിൽക്ക്. അവർക്കുണ്ടായിരുന്ന ഫാൻ ഫോളോവിങ് ഭയങ്കരമായിരുന്നു. സിൽക്ക് എന്നാൽ ഭയങ്കരമായി ആരാധിച്ചിരുന്ന ഒരു ആരാധക വൃന്ദം തമിഴ് സിനിമയിൽ ഉണ്ടായിരുന്നു. ഇവിടെ ഉള്ള ആളുകൾ അന്ന് അത്രയും തമിഴ് സിനിമകൾ കാണാത്തത് കൊണ്ട് അറിയില്ല. എന്നാൽ പുതിയ ജെനറേഷൻ വന്നപ്പോൾ ഇത് അറിയുകയും ഇവളുടെ മരണ വാർത്തയിലൂടെ സിമ്പതി ഉണ്ടാവുകയുമായിരുന്നു,'

'പക്ഷെ അതിന് മുൻപ് സിൽക്ക് ഒരു കാഴ്ച വസ്തു ആയിരുന്നു. അവൾ ഒരു കുതിരയ്ക്ക് മുകളിൽ കിടക്കുന്ന ഒരു സ്റ്റിൽ ഉണ്ട്. അതെല്ലാം കണ്ടിട്ട്, എന്റമ്മോ.. ജനം അന്തംവിട്ടിരുന്നിരുന്ന ഒരു കാലഘട്ടമായിരുന്നു. സിൽക്ക് ഡാൻസ് ചെയ്യുന്ന വസ്ത്രത്തിൽ നിന്നാൽ ഏത് പ്രായത്തിൽ ഉള്ളവരും അന്തംവിട്ടു നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവൾക്കൊരു ആകർഷണത്വമുണ്ട്, ആളൊരു പാവമാണെന്നും സിൻസിയർ ആയിരുന്നെന്ന് ഒക്കെ പിന്നീടാണ് എനിക്ക് മനസിലാവുന്നത്. കൊച്ചു കുട്ടികളെ പോലെയൊക്കെയുള്ള സംസാരം കേട്ട് ഇവളെന്താ ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട്. ഞാൻ ശരിക്കും ഷേപ്പ് ചെയ്യപ്പെട്ടത് ഇവരോടൊപ്പം അഭിനയിച്ചപ്പോഴാണ്. ഞാൻ ശിവാജി സാറിനും കമലിനും രജനികാന്തിനും ഒപ്പം അഭിനയിച്ചപ്പോഴൊക്കെ വിരണ്ടിട്ടുണ്ട്. അതിനപ്പുറം വിരണ്ടിട്ടുണ്ട് സിൽക്ക് സ്മിതയ്ക്ക് ഒപ്പം ചെയ്യുമ്പോൾ,'

'സിൽക്കിനൊപ്പം ഡാൻസ് ചെയ്യുമ്പോൾ ശ്രദ്ധ കിട്ടാൻ ഞാൻ ശരിക്കും അനുഭവിച്ചിട്ടുണ്ട്. അവളുടെ മൂവേമെന്റ് വളരെ ഡിഫ്രന്റ് ആണ്. അങ്ങനെ ഡാൻസ് ഒന്നുമില്ല. പക്ഷെ ചുമ്മാ വന്ന് നിന്നാൽ മതി. ആ ഡാൻസൊക്കെ കണ്ടാൽ എന്റെ കഷ്ടപ്പാട് മനസിലാകും,' ഡിസ്കോ രവീന്ദ്രൻ പറഞ്ഞു.