സ്വന്തം തീരുമാനമായതിനാൽ നിരാശയില്ല; ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഓരോ പ്രയോരിറ്റികൾ ഉണ്ടാവും; ദിവ്യ ഉണ്ണി

  1. Home
  2. Entertainment

സ്വന്തം തീരുമാനമായതിനാൽ നിരാശയില്ല; ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഓരോ പ്രയോരിറ്റികൾ ഉണ്ടാവും; ദിവ്യ ഉണ്ണി

DIVYA


മലയാളത്തിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് ദിവ്യ ഉണ്ണി. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ദിവ്യക്ക് കഴിഞ്ഞു. ഫ്രണ്ട്സ്, ചുരം, ഒരു മറവത്തൂർ കനവ്, ഉസ്താദ് തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമായ ദിവ്യക്ക് ഒരുപിടി ഹിറ്റ് ​ഗാനങ്ങളിൽ ചുവട് വെക്കാനും കഴിഞ്ഞു. പ്രണയ വർണങ്ങൾ എന്ന സിനിമയിലെയുൾപ്പെടെ ​ഗാനങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. നടിയെന്നതിനൊപ്പം തന്നെ നൃത്തത്തിനും വലിയ പ്രാധാന്യം ദിവ്യ ഉണ്ണി നൽകിയിരുന്നു. സിനിമാ രം​ഗം വിട്ട ശേഷവും ദിവ്യ നൃത്തത്തിൽ ശ്രദ്ധ കൊടുത്തു. നൃത്താധ്യാപികയുമായി. വിവാഹ ശേഷമാണ് ദിവ്യ ഉണ്ണി സിനിമാ അഭിനയം നിർത്തിയത്. 21ാം വയസ്സിലായിരുന്നു വിവാഹം, ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് നടി താമസം മാറുകയും ചെയ്തു. എന്നാൽ ഈ ബന്ധം പിന്നീട് വേർപിരിയലിൽ അവസാനിച്ചു. ഡോ സുധീർ എന്നാണ് ദിവ്യയുടെ ആദ്യ ഭർത്താവിന്റെ പേര്.

ആദ്യ വിവാഹ ബന്ധത്തിൽ രണ്ട് കുട്ടികളും ദിവ്യക്കുണ്ട്. മുംബൈ സ്വദേശിയായ അരുൺ കുമാറിനെയാണ് ദിവ്യ രണ്ടാമത് വിവാഹം ചെയ്തത്. ഇരുവരും മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണിയും ഇടക്കാലത്ത് സിനിമകളിൽ മുഖം കാണിച്ചിരുന്നു. ഡോക്ടർ ലൗവായിരുന്നു ആദ്യ സിനിമ. പിന്നീട് കുറച്ച് സിനിമകളിൽ അഭിനയിച്ച ശേഷം വിദ്യ സിനിമാ ലോകത്ത് നിന്നും മാറി. തന്റെ സഹോദരിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

വി​ദ്യ എൻജിനീയറിം​ഗ് കഴിഞ്ഞ സമയത്താണ് സിനിമയിലേക്ക് വരുന്നത്. ഡോക്ടർ ലൗവാണ് ആദ്യം ചെയ്തത്. അതിന് മുമ്പ് ഡാൻസ് ഷോകളും ആങ്കറിങും ചെയ്തിരുന്നു. ജോലി ലഭിച്ചപ്പോൾ അതിലേക്ക് ശ്രദ്ധ തിരിഞ്ഞു. ഇപ്പോൾ സിം​ഗപ്പൂരിലാണ്. നൃത്തത്തിൽ ആക്ടീവാണെന്നും ദിവ്യ ഉണ്ണി പറഞ്ഞു. നടിമാരായ മീര വാസുദേവനും രമ്യ നമ്പീശനും തന്റെ കസിൻസാണെന്നും ദിവ്യ ഉണ്ണി പറഞ്ഞു.

സിനിമാ ലോകം മിസ് ചെയ്തിരുന്നോ എന്ന ചോദ്യത്തിനും ദിവ്യ മറുപടി നൽകി. അങ്ങനെ തോന്നിയിട്ടില്ല. ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഓരോ പ്രയോരിറ്റികൾ ഉണ്ടാവും. സിനിമയിലുണ്ടായിരുന്ന സമയത്ത് സിനിമയ്ക്ക് മാത്രം പ്രാധാന്യം കൊടുത്തിട്ടുണ്ട് വീട്ടിൽ കല്യാണമോ മരണങ്ങളോ ഉണ്ടെങ്കിൽ പോലും അവിടെ പോയി പെട്ടെന്ന് ഷൂട്ടിം​ഗിന് മടങ്ങും. അത് പോലെ തന്നെ ജീവിതത്തിലെ മറ്റുള്ള റോളുകളിലേക്കും ഇറങ്ങണമെന്ന തീരുമാനമെടുക്കുന്നത് നമ്മൾ തന്നെയാണ്. അതിന് വേണ്ട പ്രയോരിറ്റി കൊടുക്കുന്നു. ആ ബോധം ഉള്ളത് കൊണ്ട് നിരാശയില്ല. നമ്മളുടെ തന്നെ തീരുമാനമാണ്. വേറൊരു കാരണം കൊണ്ടോ സമ്മർദ്ദം കൊണ്ടോ തീരുമാനമെടുക്കുമ്പോഴാണ് നിരാശ തോന്നുന്നത്. അതിനാൽ നിരാശയൊന്നുമില്ലെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കി.

സിനിമയിലേക്ക് തിരിച്ചു വരില്ല എന്ന് തീരുമാനിച്ചിട്ടില്ല. സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്. പക്ഷെ എല്ലാം ഒത്ത് വരണമെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കി. കുട്ടികളിലേക്കും നൃത്തത്തിലേക്കും ശ്രദ്ധ കൊടുത്തപ്പോഴാണ് സിനിമയിൽ ഇടവേള വന്നത്. അന്നും ഇടയ്ക്ക് സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ടായിരുന്നു. പക്ഷെ എന്തെങ്കിലും കാരണം കൊണ്ട് ചെയ്യാൻ പറ്റാതാവുമെന്നും നടി പറ‍ഞ്ഞു.