ബോളിവുഡിനെ അമ്പരപ്പിച്ച് 'ദൃശ്യം 2' കുതിപ്പ് തുടരുന്നു, 100 കോടി ക്ലബില്‍

  1. Home
  2. Entertainment

ബോളിവുഡിനെ അമ്പരപ്പിച്ച് 'ദൃശ്യം 2' കുതിപ്പ് തുടരുന്നു, 100 കോടി ക്ലബില്‍

drishyam 2


ബോളിവുഡില്‍ വന്‍ വിജയമായി മുന്നേറുകയാണ് ദൃശ്യം 2. ഏറെ നാള്‍ക്കുശേഷംബോളിവുഡിന് ആശ്വാസമായി തിയറ്ററുകള്‍ നിറയ്ക്കുകയാണ് അജയ് ദേവ്ഗണ്‍ നായകനായെത്തിയ ചിത്രം. പ്രതീക്ഷകളേറ്റിക്കൊണ്ട് ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി എന്ന സ്വപ്ന നമ്പര്‍ തൊട്ടിരിക്കുകയാണ് ചിത്രം.

ഇന്ത്യയില്‍ നിന്നു മാത്രമാണ് ദൃശ്യം നൂറു കോടിയ്ക്കു മേല്‍ കളക്ഷന്‍ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചിത്രം നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഈ വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ ഗ്രോസര്‍ ആണ് ദൃശ്യം 2 എന്നാണ് പത്രക്കുറിപ്പിലൂടെ പറയുന്നത്. 18നാണ് ചിത്രം റിലീസിന് എത്തിയത്.

മൂന്നു ദിവസത്തില്‍ തന്നെ 64 കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. ഈവര്‍ഷം ബോളിവുഡില്‍ റിലീസ് ചെയ്ത പല ഹിറ്റ് സിനിമകളുടേയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് അജയ് ദേവ്ഗണ്‍ ചിത്രത്തിന്റെ മുന്നേറ്റം. അഭിഷേക് പത്താനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് സല്‍ഗനോകര്‍ എന്ന ജോര്‍ജ്കുട്ടി കഥാപാത്രമായാണ് അജയ് ദേവ്ഗണ്‍ എത്തുന്നത്. മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയില്‍ തബു എത്തുന്നു. രജത് കപൂര്‍ ആണ് തബുവിന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍.