ദൃശ്യം 3ൽ നിന്ന് പിന്മാറി; അക്ഷയ് ഖന്നയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് നിർമാതാവ്

  1. Home
  2. Entertainment

ദൃശ്യം 3ൽ നിന്ന് പിന്മാറി; അക്ഷയ് ഖന്നയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് നിർമാതാവ്

akshay khanna


അജയ് ദേവ്ഗൺ നായകനാകുന്ന 'ദൃശ്യം 3'ൽ നിന്ന് അവസാന നിമിഷം പിന്മാറിയ നടൻ അക്ഷയ് ഖന്നയ്ക്ക് വക്കീൽ നോട്ടീസ്. ഷെഡ്യൂൾ ആരംഭിക്കാൻ പത്ത് ദിവസം മാത്രം ബാക്കിനിൽക്കെയാണ് താരം പിന്മാറ്റം പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് പനോരമ സ്റ്റുഡിയോസ് ഉടമ കുമാർ മംഗത് പഥക് താരത്തിന് നോട്ടീസ് അയക്കുകയായിരുന്നു. അക്ഷയ് ഖന്ന നായകനായാൽ സിനിമ പൊളിഞ്ഞുപോകുമെന്നടക്കമുള്ള രൂക്ഷമായ വിമർശനവും നിർമാതാവിന്റെ ഭാഗത്തുനിന്നുണ്ടായി.

ഈ വർഷത്തെ വമ്പൻ ഹിറ്റായ 'ധുരന്ധർ' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അക്ഷയ് ഖന്ന അസാധാരണമായി പ്രതിഫലം വർധിപ്പിച്ചതാണ് തർക്കങ്ങൾക്ക് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിജയങ്ങൾ അക്ഷയ് ഖന്നയുടെ തലയ്ക്ക് പിടിച്ചുവെന്നാണ് നിർമാതാവിന്റെ പ്രതികരണം. പ്രതിഫല വർധനവിന് പുറമെ തിരക്കഥയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളും പിന്മാറ്റത്തിന് കാരണമായതായി സൂചനയുണ്ട്.

ഹിന്ദി പതിപ്പിൽ ഐ.ജി തരുൺ അഹ്‌ലാവത് എന്ന സുപ്രധാന വേഷമായിരുന്നു അക്ഷയ് കൈകാര്യം ചെയ്തിരുന്നത്. ഛാവ, ധുരന്ധർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ വലിയ പ്രശംസ നേടിക്കൊണ്ടിരിക്കുന്ന സമയത്താണ് അക്ഷയിന്റെ ഈ പിന്മാറ്റം. ദൃശ്യം 3 മലയാളത്തിലും ഹിന്ദിയിലും ഒരേസമയം അണിയറയിൽ ഒരുങ്ങുകയാണ്. 2026 ഒക്ടോബർ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അജയ് ദേവ്ഗൺ കഴിഞ്ഞാൽ ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം മാറുന്നത് ചിത്രത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറ പ്രവർത്തകർ.