'എന്നെ ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം'; ദുൽഖർ സൽമാൻ

  1. Home
  2. Entertainment

'എന്നെ ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം'; ദുൽഖർ സൽമാൻ

DULQURE SRK


തന്നെ ഷാരൂഖുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ദുൽഖർ സൽമാൻ. സീതാരാമത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രചാരണത്തിനിടെ ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ദുൽഖർ.

സീതാരാമത്തിലെ ദുൽഖറിന്റെ പ്രകടനത്തെ വീർസാറയിലെ കിങ് ഖാന്റെ പ്രകടനവുമായി താരതമ്യം ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സ്‌ക്രീനിലും പുറത്തും താൻ ഷാരൂഖ് സാറിന്റെ വലിയ ആരാധകനാണെന്നാണ് ദുൽഖർ പറഞ്ഞത്. ഒരു മാതൃകയാണ് അദ്ദേഹം. പ്രത്യേകിച്ച് ആളുകളോട് സംസാരിക്കുന്നതിലും ഇടപഴകുന്നതിലും സ്ത്രീകളെ ബഹുമാനിക്കുന്നതിലും. ആളുകൾ നിറഞ്ഞ ഒരു മുറിയിൽ പോലും ഷാറുഖ് വളരെയധികം ശ്രദ്ധയോടെയാണ് പെരുമാറുന്നത്. ആ സമയം അദ്ദേഹം നിങ്ങളോട് സംസാരിക്കുകയാണെങ്കിൽ ആ മുറിയിൽ നിങ്ങൾ മാത്രമേയുള്ളൂ എന്ന് പോലും തോന്നിപ്പോകുമെന്നും ദുൽഖർ പറഞ്ഞു.

'അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. സഹോദരിക്കൊപ്പം പോയി ഒന്നിലേറെ തവണ ദിൽവാലെ ദുൽഹനിയാ ലേ ജായേംഗേ കണ്ടിട്ടുണ്ട്. എന്റെ ഇഷ്ടസിനിമകളിൽ ഒന്നാണത്. എപ്പോഴും പ്രചോദനമാണ് അദ്ദേഹം. നടനെന്നതിലുപരി നല്ല വ്യക്തിത്വത്തിനുടമകൂടിയാണ് ഷാരൂഖ്. കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങൾ ഉണ്ടായപ്പോൾ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. ആളുകളുമായി ഇടപെടുന്നതിൽ ഷാരൂഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.' ദുൽഖർ കൂട്ടിച്ചേർത്തു. നിരവധി പേരാണ് ഈ വിഷയത്തിൽ ദുൽഖറിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.