ഓണപ്പോരിന് ദുൽഖർ സൽമാനും പൃഥ്വിരാജും; 'ഐ ആം ഗെയിം' ഓഗസ്റ്റ് 20-ന് തിയേറ്ററുകളിൽ
വരാനിരിക്കുന്ന ഓണം സീസണിൽ ബോക്‌സ് ഓഫീസ് കീഴടക്കാൻ മലയാളത്തിന്റെ യുവസൂപ്പർതാരങ്ങൾ നേർക്കുനേർ. ദുൽഖർ സൽമാനെ പ്രധാന വേഷത്തിൽ അവതരിപ്പിച്ച് നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'ഐ ആം ഗെയിം' ഓഗസ്റ്റ് ഇരുപതിന് തിയേറ്ററുകളിലെത്തും. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്. "കൗണ്ട്ഡൗൺ അവസാനിച്ചു, യഥാർത്ഥ ഗെയിം ആരംഭിക്കുന്നു! 'ഐ ആം ഗെയിം' തയ്യാറായി, നിറയെ വെടിയുണ്ടകളുമായി, ആത്യന്തിക ഓണം ആഘോഷത്തിനായി ഈ ഓഗസ്റ്റ് 20-ന് തിയേറ്ററുകളിൽ എത്തുന്നു!" എന്ന് ദുൽഖർ കുറിച്ചു.
വൈശാഖിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന 'ഖലീഫ പാർട്ട് 1: ദ ഇൻട്രോ' എന്ന ചിത്രവും ഇതേ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന 'ഖലീഫ'യും വലിയ കാൻവാസിലുള്ള ഒരു ആക്ഷൻ ത്രില്ലറാണ്. രണ്ട് വമ്പൻ ആക്ഷൻ ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിൽ എത്തുന്നതോടെ ഇത്തവണത്തെ ഓണം റിലീസ് പോരാട്ടം കടുക്കുമെന്ന് ഉറപ്പായി. ഇതിനുപുറമെ, നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന കോമഡി-ഡ്രാമ ചിത്രം 'ബത്‌ലഹേം കുടുംബ യൂണിറ്റും' ഓണം റിലീസായി തിയേറ്ററുകളിലെത്തിക്കാൻ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ ഇതിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വൻ ബജറ്റിൽ ഒരുങ്ങുന്ന 'ഐ ആം ഗെയിം' ഒരു മാസ് ആക്ഷൻ എന്റർടൈനർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബ്ലോക്ക്ബസ്റ്റർ ചിത്രം 'ആർഡിഎക്‌സ്' (RDX) ഒരുക്കിയ നഹാസ് ഹിദായത്തിന്റെ ഈ പുതിയ ചിത്രത്തിൽ ഒരു ചൂതാട്ടക്കാരന്റെ (Gambler) വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. ആന്റണി വർഗീസ് (പെപ്പെ), സാൻഡി മാസ്റ്റർ, കാർത്തിക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത 'കാന്ത'യാണ് ദുൽഖർ സൽമാന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
