‘പ്രശ്‌നപരിഹാരത്തിന് ശ്രമം തുടങ്ങി, ഇതിൽ കൂടുതൽ എന്തുചെയ്യാൻ?’; ‘അമ്മ’ വിവാദത്തിൽ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

  1. Home
  2. Entertainment

‘പ്രശ്‌നപരിഹാരത്തിന് ശ്രമം തുടങ്ങി, ഇതിൽ കൂടുതൽ എന്തുചെയ്യാൻ?’; ‘അമ്മ’ വിവാദത്തിൽ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

Prithviraj


മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് നടൻ പൃഥ്വിരാജ്. സംഘടനയിൽ രൂപീകരിച്ച താത്കാലിക അഡ്‌ഹോക് കമ്മിറ്റി പ്രശ്‌നപരിഹാരത്തിന് വേണ്ടിയുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും, ഒരു സംഘടന എന്ന നിലയിൽ ഇതിൽ കൂടുതൽ എന്താണ് ചെയ്യാൻ കഴിയുക എന്നും പൃഥ്വിരാജ് ചോദിച്ചു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ഐ നോബഡി'യുടെ (I Nobody) പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സിനിമയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് 'അമ്മ' സംഘടനയിലെ നിലവിലെ വിവാദങ്ങളെക്കുറിച്ച് ചോദ്യമുയർന്നത്. തങ്ങളുടെ പുതിയ സിനിമയുടെ പ്രൊമോഷനെ ബാധിക്കാത്ത രീതിയിൽ ദീർഘമായ ഒരു മുഖവുര നൽകിയ ശേഷമാണ് പൃഥ്വിരാജ് ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. നടി പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ള ചിത്രത്തിലെ സഹപ്രവർത്തകരും ഈ സമയം വാർത്താസമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്നു.

മാധ്യമങ്ങളുടെ വാർത്താ പ്രാധാന്യത്തെക്കുറിച്ച് പൃഥ്വിരാജ് തുടക്കത്തിൽ തന്നെ ഒരു അഭ്യർത്ഥന നടത്തി. "ഈ ചോദ്യത്തിന് മറുപടി നൽകിയാൽ, ഇന്നത്തെ ഈ പ്രസ് മീറ്റിന്റെ പ്രധാന വാർത്ത 'അമ്മ സംഘടനയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പൃഥ്വിരാജ്' എന്ന തലക്കെട്ടിലാകും വരിക. ചിത്രത്തിന്റെ പ്രൊമോഷനെക്കുറിച്ച് വാർത്തയുടെ താഴെ എവിടെയെങ്കിലും ഒരു വരി മാത്രമായി ഒതുങ്ങും. ദയവുചെയ്ത് ഇനിയും ഞങ്ങളെ പോലുള്ളവർക്ക് ഇത്തരം ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാനുള്ള പ്രചോദനം നിലനിർത്താൻ, ഇന്ന് സിനിമയെക്കുറിച്ച് പ്രധാനമായി എഴുതിയിട്ട് അതിന്റെ ഇടയിൽ സംഘടനയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു എന്ന് ചേർക്കണം എന്ന് അഭ്യർഥിക്കുന്നു," പൃഥ്വിരാജ് പറഞ്ഞു.

തുടർന്ന് സംഘടനയിലെ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു: "അമ്മ സംഘടനയിൽ അംഗങ്ങൾക്കിടയിൽ ആശയപരമായും അല്ലാതെയും വലിയ തർക്കങ്ങൾ സംഭവിച്ചു എന്നത് യാഥാർഥ്യമാണ്. സംഘടനയ്ക്കുള്ളിൽ അത് രമ്യമായി പരിഹരിക്കാൻ സാധിക്കാത്തതിലെ പ്രതിഷേധാർഥം കുറച്ച് അംഗങ്ങൾ അംഗത്വവും സ്ഥാനങ്ങളും രാജിവെച്ചു. അങ്ങനെയൊരു സാഹചര്യത്തിൽ സംഘടനയ്ക്ക് ചെയ്യാൻ കഴിയുന്നത് ഒരു ജനറൽ ബോഡി വിളിച്ചുകൂട്ടി ചർച്ച ചെയ്യുക എന്നതാണ്. അതിന് സാധ്യതയില്ല എന്ന് കണ്ടവർ രാജിവെച്ചു പുറത്തുപോയി. ഇനി മുന്നോട്ട് എങ്ങനെ പോകണം എന്നാലോചിച്ച് നിലവിൽ ഒരു താത്കാലിക അഡ്‌ഹോക് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. അവർ പ്രശ്നപരിഹാരത്തിനുള്ള നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. ഇതിൽ കൂടുതൽ എന്താണ് ഇപ്പോൾ സാധിക്കുക?" പൃഥ്വിരാജ് ചോദിച്ചു.

സംഘടനയിലെ ഒരു അംഗമെന്ന നിലയിലും സിനിമാ പ്രവർത്തകനെന്ന നിലയിലും എത്രയും പെട്ടെന്ന് പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താനും, അംഗങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമൊക്കെ കൃത്യമായ ഉത്തരം നൽകാനും ഈ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ വിഷയം തൊട്ടടുത്തിരുന്ന നടി പാർവതി തിരുവോത്തിനോട് ചോദിക്കാൻ മാധ്യമങ്ങൾ മുതിർന്നപ്പോൾ, പൃഥ്വിരാജ് ചിരിയോടെ മുൻപ് പറഞ്ഞ കാര്യം ഓർമ്മിപ്പിച്ചു. തുടർന്ന് ചോദ്യത്തിന് മറുപടിയായി 'നോ' എന്ന ഒറ്റവാക്കിൽ പാർവതി തന്റെ പ്രതികരണം ഒതുക്കുകയാണുണ്ടായത്.