എമ്പുരാനെ മറികടന്നു; മലയാളത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഹിറ്റായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

  1. Home
  2. Entertainment

എമ്പുരാനെ മറികടന്നു; മലയാളത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഹിറ്റായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

bethleham kudumba unit


ബോക്‌സ് ഓഫീസിൽ അഭൂതപൂർവ്വമായ കുതിപ്പ് തുടരുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ കളക്ഷൻ നേടിയ ചിത്രമെന്ന ചരിത്ര നേട്ടത്തിൽ. ഓണം റിലീസായെത്തിയ ചിത്രം ആഗോള തലത്തിൽ 270 കോടി രൂപ സ്വന്തമാക്കിയാണ് ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡ് കുറിച്ചത്. 268 കോടി നേടിയിരുന്ന മോഹൻലാൽ ചിത്രം 'എമ്പുരാ'ന്റെ റെക്കോർഡാണ് ചിത്രം മറികടന്നത്.

വെറും 18 ദിവസങ്ങൾ കൊണ്ടാണ് ചിത്രം 270 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. 304 കോടി കളക്ഷൻ നേടിയ 'ലോക' മാത്രമാണ് ഇനി ബെത്‌ലഹേമിന് മുന്നിലുള്ളത്. കേരള ബോക്‌സ് ഓഫീസിലും വൻ കുതിപ്പ് നടത്തുന്ന ചിത്രം, മോഹൻലാൽ ചിത്രം 'തുടരു'മിനെ പിന്നിലാക്കി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമായി മാറി. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്', നടി മമിത ബൈജുവിന്റെ തുടർച്ചയായ മൂന്നാമത്തെ 200 കോടി ചിത്രമാണ്.

പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകൾക്കും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ഈ കുടുംബ ചിത്രം വരും ദിവസങ്ങളിലും പ്രദർശനം തുടരുന്നതോടെ മലയാളത്തിലെ എക്കാലത്തെയും വലിയ ഇൻഡസ്ട്രി ഹിറ്റായി മാറുമെന്നാണ് സിനിമാ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.